ലോർഡ്സിൽ രാഹുലിന് ശതകം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ
August 12, 2021
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ മികച്ച നിലയിൽ. സെഞ്ചുറി നേടിയ ലോകേഷ് രാഹുലാണ് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടുനയിക്കുന്നത്. രോഹിത് ശർമ്മ 83 റൺസ് നേടി പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 80 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലാണ്. മൂന്നാം വിക്കറ്റിൽ രാഹുലും കോലിയും ചേർന്ന് അപരാജിതമായ 102 റൺസ് ഇതുവരെ കൂട്ടിച്ചേർത്തിട്ടുണ്ട്. (rahul century england india)
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിൻ്റെ തീരുമാനം തെറ്റിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ഓപ്പണർമാർ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ കാഴ്ചവച്ചത്. ഇംഗ്ലണ്ട് ബൗളർമാർക്ക് ഒരു അവസരവും നൽകാതെ മുന്നേറിയ താരങ്ങൾ ബുദ്ധിപരമായാണ് ബാറ്റ് ചെയ്തത്. ആദ്യ ഒരു മണിക്കൂറിലെ ശ്രദ്ധാപൂർവമായ ബാറ്റിംഗിനു ശേഷം രോഹിത് മെല്ലെ ഗിയർ മാറ്റി. രാഹുൽ രോഹിതിന് ഉറച്ച പിന്തുണ നൽകി. ഇതിനിടെ രോഹിത് ഫിഫ്റ്റി തികച്ചു. നൂറും കടന്ന് മുന്നേറിയ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാൻ റൂട്ട് ബൗളർമാരെ മാറിമാറി പരീക്ഷിച്ചു. ഒടുവിൽ ആൻഡേഴ്സൺ ഇംഗ്ലണ്ടിൻ്റെ രക്ഷക്കെത്തി. ആദ്യ ടെസ്റ്റ് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിതിനെ ആൻഡേഴ്സൺ ബൗൾഡാക്കുകയായിരുന്നു. എങ്കിലും തൻ്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയാണ് രോഹിത് മടങ്ങിയത്.
Read Also : രോഹിത് 83നു പുറത്ത്; ഇന്ത്യക്ക് തകർപ്പൻ തുടക്കം
മൂന്നാം നമ്പറിലെത്തിയ പൂജാര വീണ്ടും നിരാശപ്പെടുത്തി. 9 റൺസെടുത്ത പൂജാരയെയും ആൻഡേഴ്സൺ തന്നെയാണ് മടക്കിയത്. പിന്നാലെയെത്തിയ നായകൻ വിരാട് കോലി രാഹുലിന് ഉറച്ച പങ്കാളിയായി. ഫോം നഷ്ടപ്പെട്ട് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന കോലി ലോർഡ്സിൽ അതൊക്കെ മാറ്റിനിർത്തി മുന്നേറിയപ്പോൾ ഇന്ത്യ കുതിച്ചു. ഇതിനിടെ രാഹുൽ സെഞ്ചുറി തികച്ചു. ഇതോടെ 1952ൽ വിനൂ മങ്കാദിനും 1990ൽ രവി ശാസ്ത്രിക്കും ശേഷം ലോർഡ്സിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന റെക്കോർഡും കർണാടക ബാറ്റ്സ്മാൻ സ്വന്തം പേരിൽ കുറിച്ചു.
ആദ്യ ടെസ്റ്റിൽ അഞ്ചാം ദിനം മഴ തടസപ്പെടുത്തിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ജയിക്കാൻ എല്ലാ സാധ്യതകളും ഇന്ത്യക്കൊപ്പമുണ്ടായിരുന്നെങ്കിലും മഴ വില്ലനായി. ലോഡ്സിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ മേൽക്കൈ നേടുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഇംഗ്ലണ്ട് ടീമിൽ പരുക്കേറ്റ സ്റ്റുവർട്ട് ബ്രോഡിന് പകരം മാർക്ക് വുഡ് ഇംഗ്ലണ്ട് നിരയിലുണ്ട്.
Tags