‘കേരളം ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി മാറി’ ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജെ പി നദ്ദ
August 17, 2021
കോഴിക്കോട്: കേരള സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ആരോഗ്യ രംഗത്ത് ഇവിടെ ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡൽ ആണ് എന്ന് നദ്ദ ആരോപിച്ചു. രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായങ്ങളും നൽകിയിട്ടും കേരളത്തിൽ വേണ്ടത്ര വികസനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കോഴിക്കോട് മാരാർജി ഭവൻ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജെ പി നദ്ദ.
സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടുവെന്നത് ലജ്ജാകരമാണ്. മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരുന്നത് നാണക്കേടാണ്.
ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറി. കുട്ടികൾക്കും സ്ത്രീകൾക്കും രക്ഷയില്ല. പൊലീസ് ഇവിടെ മൂകസാക്ഷിയാണ്. കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നദ്ദ ആരോപിച്ചു. കേരളത്തിൽ കൊവിഡ് വാക്സിനേഷൻ വിജയിപ്പിക്കാൻ ബിജെപി നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വാക്സിൻ നൽകുന്നതിൽ വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജെ പി നദ്ദ പറഞ്ഞു.
Tags