പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവം; രണ്ട് പേർ പിടിയിൽ

കൽപ്പറ്റ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എ.ആർ.രാജേഷ്, കൊല്ലം സ്വദേശി പി.പ്രവീൺ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കൊല്ലത്തേയും തിരുവനന്തപുരത്തേയും വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പ് സംഘത്തിലെ മറ്റ് അംഗങ്ങളായ ദീപക് പി ചന്ദ്, എം ഗിരീഷ് എന്നിവരെ പിടികൂടാനായിട്ടില്ല. പ്രതികളെ പുൽപ്പള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. വനം, അഗ്‌നിരക്ഷാസേന, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് നാലംഗ സംഘം ഉന്നത ഉദ്യോഗസ്ഥരാണെന്ന വ്യാജേന സമീപിച്ച് വകുപ്പുകളിലെ വിവിധ ആനുകൂല്യങ്ങൾ കൈപ്പറ്റിയത്. കഴിഞ്ഞ ജൂലൈ 26 മുതൽ 4 ദിവസം സംഘം ചെതലയം റേഞ്ചിലെ വെട്ടത്തൂരിൽ വനംവകുപ്പിന്റെ വാച്ച്ടവറിൽ താമസിച്ച് മടങ്ങിയിരുന്നു. ഇവിടെ താമസിച്ചതിന് പുറമെ ഭക്ഷണവും വനപാലകർ എത്തിച്ച് നൽകുകയായിരുന്നു. ആൾമാറാട്ടം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വനപാലകർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വയനാട്ടിൽ നിന്ന് മടങ്ങിയ ശേഷമാണ് ഇവർ തട്ടിപ്പുകാരും ആൾമാറാട്ടക്കാരാണെന്നുമുള്ള വിവരങ്ങൾ പുറത്തു വരുന്നത്. ഒരാൾ പട്ടാളത്തിൽ മേജറാണെന്നും വിവിധ അന്വേഷണങ്ങൾക്കായി എത്തിയതാണെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്
Tags