മുട്ടിൽ മരംമുറി: പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി പിന്നീട് പരി​ഗണിക്കും

മുട്ടിൽ മരംമുറിക്കൽ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യ ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ് ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസും ആരോപണങ്ങളും പൊതു ജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമെന്ന് പ്രതികൾ ജാമ്യ ഹർജിയിൽ പറയുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. 2020 നവംബർ, ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയിൽ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി കസ്റ്റഡിയിൽ കഴിയുകയാണ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നും അതിനാൽ ജാമ്യമനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. പ്രതികളുടെ ജാമ്യഹർജി നേരത്തെ സുൽത്താൻ ബത്തേരി കോടതി തള്ളിയിരുന്നു.
Tags