കാക്കനാട് എംഡിഎംഎ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റില്‍
August 28, 2021
കാക്കനാട് എംഡിഎംഎ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റില്‍. എക്‌സൈസ് ക്രൈബ്രാഞ്ച് സംഘമാണ് തയ്ബയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി കടത്ത് കേസില്‍ തയ്ബയെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിട്ടയച്ചിരുന്നു. കേസില്‍ യുവതിയുടെ പങ്ക് സ്ഥിരീകരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ ആറാം പ്രതിയാണ് തിരുവല്ല സ്വദേശി തയ്ബ.
പോണ്ടിച്ചേരിയില്‍ നിന്ന് മയക്കുമരുന്ന എത്തിച്ചത് തയ്ബ ഉള്‍പ്പെടെ നാല്‌പേരാണ്. ലഹരിക്കടത്ത് കേസില്‍ തയ്ബ സെക്യൂരിറ്റി ഗാര്‍ഡായി പോയിരുന്നതായാണ് അന്വേഷണ സഘത്തിന്റെ കണ്ടെത്തല്‍.
രാവിലെ മുതല്‍ യുവതിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. കൊച്ചിയിലെ എക്‌സൈസ് ഓഫിസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കൂടുതല്‍ തെളിവുകള്‍ക്കായി എക്സൈസ് സംഘം അന്വേഷണം ഗോവ, പോണ്ടിച്ചേരി, ബംഗളൂരു എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൊവിഡ് കാലത്തും പ്രതികള്‍ ഡി ജെ ലഹരി പാര്‍ട്ടികള്‍ നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് പ്രതികള്‍ ലഹരി ഡി ജെ പാര്‍ട്ടികള്‍ നടത്തിയത്. പത്ത് പേരില്‍ താഴെ മാത്രം പങ്കെടുത്ത ചെറു ലഹരി പാര്‍ട്ടികളായിരുന്നു അതെന്ന് അന്വേഷണ സംഘം പറയുന്നു.
കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനില്‍ അഞ്ചംഗ സംഘം പിടിയിലായത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.രണ്ടു യുവതികള്‍ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്‌സൈസിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.
Tags