പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് പിന്മാറാൻ ഹരീഷ് റാവത്ത്

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിൽ അധികാര വടംവലി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് ഹരീഷ് റാവത്ത്. പഞ്ചാബിൽ പാർട്ടി ചുമതല വഹിക്കുന്ന നേതാവാണ് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി കൂടിയായ ഹരീഷ് റാവത്ത്. അടുത്ത വർഷം പഞ്ചാബിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡിൽ പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റാവത്തിന്റെ ശ്രമം. ഈ ആവശ്യവുമായി റാവത്ത് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച നടത്തി. കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുമായി ചർച്ച നടത്തിയ റാവത്ത് പഞ്ചാബിലെ പാർട്ടി ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങും പാർട്ടി സംസ്ഥാന അധ്യക്ഷൻ നവ്‌ജ്യോദ് സിങ് സിദ്ധുവും തമ്മിലുളള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് റാവത്തിന്റെ പിന്മാറ്റമെന്ന കാര്യം ശ്രദ്ധേയമാണ്. അമരീന്ദർ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിദ്ധുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ കലാപം ആരംഭിച്ചത് പാർട്ടി ദേശീയ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. ക്യാപ്റ്റൻ അമരീന്ദറിന്റെ എതിർപ്പ് മറികടന്നാണ് സിദ്ധുവിനെ ഹൈക്കമാന്റ് സംസ്ഥാന അധ്യക്ഷനാക്കിയത്. ഇക്കാര്യത്തിൽ ക്യാപ്റ്റനും പാർട്ടിയുമായി നീരസത്തിലാണ്. ഇരു ഭാഗവും തമ്മിലുളള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ചുമതല മതിയാക്കി റാവത്ത് മടങ്ങുന്നത്. പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ തർക്കം രൂക്ഷമാകാനാണ് സാധ്യത. ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകാത്തത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോൺഗ്രസിന് അധികാരമുളള ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. ഇവിടെ കൂടി ഭരണം നഷ്ടമാകുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന ബോധ്യം കോൺഗ്രസിനുണ്ട്. എന്നാൽ വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാവാൻ ദേശീയ നേതൃത്തിന് കഴിയാത്തത് പാർട്ടി പ്രവർത്തകരെയും ആശങ്കപ്പെടുത്തുന്നു. പഞ്ചാബിന് പുറമെ ചത്തീസ്ഗഡിലും കോൺഗ്രസിൽ കലാപം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പദം കൈമാറുന്നതിനെ ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാനുള്ള ഹൈക്കമാന്റിന്റെ ശ്രമം പരാജയപ്പെട്ടതോടെ ചത്തീസ്ഗഡിലെ കോൺഗ്രസ് മന്ത്രിസഭയുടെ ഭാവി തുലാസിലാണ്. മുഖ്യമന്ത്രി ഭുപേഷ് ബാഗലും ആരോഗ്യവകുപ്പ് മന്ത്രി ടി എസ് സിംഗ് ദിയോയും രാഹുൽ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും കണ്ട് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ സമീപനം പാർട്ടി ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ടി. എസ്. സിംഗ് ദിയോ പരസ്യമായി പ്രതികരിച്ചു. അതിനാൽ കൂടുതൽ എംഎൽഎമാരെ ഒപ്പം കൂട്ടി പാർട്ടിയിൽ നിന്ന് രാജിവെയ്‌ക്കാനാണ് നീക്കം. മന്ത്രിസഭാ രൂപീകരണ സമയത്ത് നൽകിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ പക്ഷക്കാരായ എംഎൽഎമാർ രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രി പദം നൽകാമെന്ന് അധികാരമേൽക്കുന്ന സമയത്ത് നേതൃത്വം വാക്കുനൽകിയിരുന്നെന്ന് ഇവർ പറയുന്നു. 2018 ഡിസംബറിലാണ് സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരുന്നത്. എന്നാൽ രണ്ടര വർഷം പിന്നിട്ടിട്ടും മുഖ്യമന്ത്രി പദം കൈമാറാൻ മുഖ്യമന്ത്രി ഭുപേഷ് ബഗൽ തയ്യാറായില്ല. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുടെ ബലത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കങ്ങൾ. എഐസിസി നിയോഗിച്ച പിഎൽ പൂനിയ ഇരുവിഭാഗങ്ങളുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നു. ഒത്തുതീർപ്പ് ഉണ്ടാവാത്തതിനാലാണ് പ്രശ്നം രാഹുൽ ഗാന്ധിയുടെ മുന്നിലെത്തിയത്. നേതൃമാറ്റത്തെ സംബന്ധിച്ച് ഇപ്പോൾ സംസാരിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലമുള്ള പി എൽ പൂനിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ പ്രസ്താവന ആരോഗ്യമന്ത്രിയുടെ അനുയായികളെ ചൊടിപ്പിട്ടുണ്ട്. സമവായത്തിനുപകരം ഏകപക്ഷീയമായ തീരുമാനമാണ് രാഹുൽ ഗാന്ധിയിൽ നിന്നുണ്ടായതെന്ന ആക്ഷേപത്തിലാണ് ടി എസ് സിംഗ് ദിയോ. ഇതോടെ വിമതനീക്കത്തിന് വേഗത വർദ്ധിപ്പിച്ചിരിക്കുകയാണ് ഇവർ. എന്നാൽ സ്വന്തം പക്ഷത്തുളള എംഎൽഎമാരെ അണിനിരത്തി അധികാരം നിലനിർത്താനുളള ശ്രമത്തിലാണ് ബഗൽ.
Tags