കൊല്ലത്ത് 13കാരന് പിതാവിന്റെ ക്രൂരമര്‍ദനം; അറസ്റ്റ്

കൊല്ലം കടയ്ക്കലില്‍ 13 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാന്‍ പോയതിന്റെ പേരിലായിരുന്നു മര്‍ദനം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.

അമ്മയും മറ്റു ബന്ധുക്കളും മര്‍ദിക്കരുത് എന്ന് ആവശ്യപ്പെടുന്നത് വിഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ പിതാവ് നാസറുദ്ദീന്‍ കുട്ടിയുടെ മുഖത്തും വയറ്റിലും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ വിഡിയോ ചിത്രീകരിക്കുകയാണെന്നും, ദൃശ്യങ്ങള്‍ പൊലീസില്‍ ഹാജരാക്കുമെന്നും അടുത്തുള്ള ഒരാള്‍ പറഞ്ഞതോടെയാണ് മര്‍ദനം നിര്‍ത്തിയത്.

കുട്ടിയുടെ മാതാവ് മര്‍ദന വിവരം കടയ്ക്കല്‍ സി.ഐയെ വിളിച്ചറിയിച്ചു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
Tags