മുംബൈ : വിവാദ വ്യവസായി വിജയ് മല്യയയുടെ കിംഗ്ഫിഷർ എയർലൈൻസിന്റെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കിംഗ്ഫിഷർ ഹൗസ് വിറ്റു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റൺ റിയാൽട്ടേഴ്‌സിനാണ് മുംബൈയിലുള്ള കെട്ടിടം വിറ്റത്. 52 കോടി രൂപയ്‌ക്കാണ് വിൽപ്പന നടത്തിയത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ (ഡിആർടി) ആണ് വിൽപ്പന നടത്തിയത്.
സാന്താക്രൂസിലെ ചത്രപതി ശിവ്‌രാജ് മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്താണ് കിംഗ്ഫിഷർ ഹൗസ് സ്ഥിതി ചെയ്യുന്നത്. 150 കോടി രൂപയാണ് മൂല്യമാണ് കെട്ടടത്തിന് നിശ്ചയിച്ചിരുന്നത്. 2016 മാർച്ചിൽ ഇത് വിൽക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ആവശ്യക്കാർ ഇല്ലാതായതോടെ വിൽപ്പന നീണ്ടുപോകുകയായിരുന്നു. അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 135 കോടിയുടെ മൂന്നിലൊന്നു വിലയ്‌ക്കാണ് ഇപ്പോൾ വിൽപന നടന്നിരിക്കുന്നത്.
കിംഗ്ഫിഷർ ഹൗസ് വിൽപ്പന നടത്തിയ പണം വിജയ് മല്യയ്‌ക്ക് വായ്പ നൽകിയ ബാങ്കുകൾക്ക് ലഭിക്കും. മല്യയുടെ ഓഹരികൾ വിറ്റ് ഇതിനോടകം 7250 കോടി രൂപ ബാങ്കുകൾ തിരിച്ചുപിടിച്ചിരുന്നു. എസ്ബിഐ നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് ഏകദേശം പതിനായിരം കോടി രൂപയാണ് കിംഗ്ഫിഷർ എയർലൈൻസ് നൽകാനുള്ളത്.
ഇന്ത്യയിൽ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ മല്യ ഇപ്പോൾ യുകെയിലാണ്. ഇയാളെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.