പുതിയ സൈക്കിൾ ആദ്യമായി റോഡിലിറക്കി: എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, മരണം സൈക്കിൾ ഹാൻഡിൽ വയറിലിടിച്ചതിനെ തുടർന്ന്
August 14, 2021
കോഴിക്കോട്: പുതിയ സൈക്കിൾ സ്വന്തമാക്കിയിന്റെ സന്തോഷത്തിൽ ആദ്യയാത്ര നടത്തിയ എട്ടാം ക്ലാസുകാരിയ്‌ക്ക് ദാരുണാന്ത്യം. കോഴിക്കോട് ചേവരമ്പലം ഹൗസിംഗ് ബോർഡ് ഫ്‌ലാറ്റിൽ താമസിക്കുന്ന വിനോദ് കുമാറിന്റേയും സരിതയുടേയും മകൾ വൃന്ദ വിനോദാണ് മരണത്തിന് കീഴടങ്ങിയത്.
പുതിയ സൈക്കിൾ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തിൽ റോഡിലിറങ്ങിയതായിരുന്നു വൃന്ദ. സൈക്കിൾ റോഡിലേക്ക് ഇറക്കുന്നതിനിടെയുള്ള ചെറിയ ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ മതിലിൽ ഇടിച്ച് വീഴുകയായിരുന്നു. വീഴ്‌ച്ചയിൽ സൈക്കിൾ ഹാൻഡിൽ വയറിൽ ശക്തമായി ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ ചെറിയകുടലിന് പരിക്കേറ്റ വൃന്ദ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരാഴ്‌ച്ച മുൻപായിരുന്നു അപകടം. ശരീരത്തിന് പുറമെ കാര്യമായ മറ്റ് പരുക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷമുണ്ടായ ഛർദ്ദിയെ തുടർന്നാണ് വൃന്ദയെ ആശുപത്രിയിലെത്തിച്ചത്.
വിദഗ്ധ പരിശോധനയിൽ ചെറുകുടലിന് പരിക്കേറ്റതായി കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് വൃന്ദ.
Tags