തിരുവനന്തപുരം: സംസ്ഥാനത്ത് മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിച്ചത് 21 പേരാണെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിൽ അഞ്ച് പേരും എറണാകുളത്ത് നാല് പേരും പൂപ്പൽ ബാധയേറ്റ് മരിച്ചതായാണ് കണക്ക്. നിലവിൽ 28 പേർ ഫംഗസ് രോഗത്തിന് ചികിത്സയിലാണ്. ഇതുവരെ 110 പേർക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
രോഗബാധിതരായ 61 പേർ ഇതിനോടകം സുഖം പ്രാപിച്ചിട്ടുണ്ട്. പ്രമേഹരോഗം പോലെ മറ്റ് അസുഖങ്ങളുടെ ഭീഷണിയുള്ളവരിലാണ് മ്യൂക്കോമൈക്കോസിസ് പൊതുവെ ഗുരുതരമാകുന്നത്. ഇതുകൂടാതെ രോഗപ്രതിരോധശേഷി വളരെ കുറഞ്ഞവരെയാണ് (അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർ, കാൻസർ രോഗികൾ) ഫംഗസ് രോഗം കാര്യമായി ബാധിക്കുക. ഫംഗസ് വ്യപനം തടയുകയെന്ന ലക്ഷ്യത്തോടെ ആശുപത്രികളിൽ അണുനശീകരണം നടത്തുന്നത് കർശനമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.
തീർത്തും അപകടകാരിയായ ബ്ലാക്ക് ഫംഗസ് ബാധിച്ചു കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ മരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാൻ രോഗ ബാധ ആദ്യമേ കണ്ടുപിടിക്കുകയും ഫംഗസ് ബാധിച്ച കോശങ്ങൾ നീക്കം ചെയ്യുകയും വേണം. അതീവ ആക്രമണകാരിയായ ഫംഗസ് ആണെങ്കിലും ഇതൊരു പകർച്ചവ്യാധിയല്ലെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കണ്ടെത്തൽ.