പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചേക്കുമെന്ന് സൂചന. ഇന്ന് പതിനൊന്നുമണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. അതേസമയം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന നടപടി തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് എവി ഗോപിനാഥ് ട്വന്റിഫോറിനോട് പറഞ്ഞു.
ജില്ലയിലെ മുതിര്‍ന്ന പ്രാദേശിക നേതാക്കളുമായി ഇന്നലെ വൈകിയും ഏറെനേരം എവി ഗോപിനാഥ് ചര്‍ച്ച നടത്തിയിരുന്നു. ഇതുവരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിപ്രായങ്ങള്‍ പറയുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എ വി ഗോപിനാഥ് പറഞ്ഞു. പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്തംഗങ്ങളും ഗോപിനാഥിനൊപ്പമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എ വി ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും കെ സുധാകരനും അനുനയിപ്പിച്ച ശേഷമാണ് ഗോപിനാഥ് തിരിച്ചുവന്നത്. ഗോപിനാഥിനെ ഡിസിസി പ്രസിഡന്റായി പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്കുവീണത്. ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ അതൃപ്തനായിരുന്ന ഗോപിനാഥ് ഉമ്മന്‍ചാണ്ടിക്കും കെ സുധാകരനും പ്രായമായില്ലേ, അതുകൊണ്ടാണ് എല്ലാം മറന്നതെന്നും പറഞ്ഞിരുന്നു.