തൃശ്ശൂർ : കാമുകിയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ആൾ പിടിയിൽ. തമിഴ്‌നാട് സ്വദേശി വേൽമുരുകൻ (56) ആണ് പിടിയിലായത്. എറണാകുളം വാഴക്കാലയിൽ നിന്നാണ് ഇയാളെ പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു.
2008 ലാണ് ഇയാൾ കാമുകിയും മൂവാറ്റുപുഴ സ്വദേശിനിയുമായ അമ്മിണിയെ കൊലപ്പെടുത്തിയത്. തൃശ്ശൂരിലെ ലോഡ്ജിൽ മുറിയിൽ എടുത്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇവരുടെ ആഭരണങ്ങളുമായി ഇയാൾ കവർന്നു. സംഭവത്തിൽ ജാമ്യം ലഭിച്ച് മുങ്ങിയ വേൽമുരുകനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെ കേരളത്തിൽ എത്തിയ ഇയാൾ കൽപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. ഇതിനിടെ കൂടെ ജോലി ചെയ്തിരുന്ന അമ്മിണിയുമായി പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് ഇരുവരും തമിഴ്‌നാട്ടിലേക്ക് പോയി. എന്നാൽ നിരന്തര പ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും വീണ്ടും കേരളത്തിലേക്ക് മടങ്ങുകയായിരുന്നു