കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആദ്യ ബഹ്‌റൈൻ സന്ദർശനത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 30 മുതൽ സംപ്റ്റംബർ ഒന്നുവരെയാണ് സന്ദർശനം

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആദ്യ ബഹ്‌റൈൻ സന്ദർശനത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 30 മുതൽ സംപ്റ്റംബർ ഒന്നുവരെയാണ് സന്ദർശനം. ബഹ്‌റൈൻ മന്ത്രിമാരുമായും വിശിഷ്ട വ്യക്തികളുമായും സന്ദർശനത്തിനിടെ കൂടിക്കാഴ്ച നടത്തും.


 
ഏകദേശം 3,50,000 ഇന്ത്യക്കാരാണ് ബഹ്‌റൈനിലുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സേവനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്വദേശികളെയും അദ്ദേഹം സന്ദർശിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയും ബഹ്‌റൈൻ സർക്കാരും തമ്മിൽ മികച്ച രാഷ്‌ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

തങ്ങളുടെ വിജയകരമായ നയതന്ത്ര ബന്ധത്തിന്റെ സുവർണ ജൂബിലി 2021ൽ ആഘോഷിക്കുകയാണ് ഇരുരാജ്യങ്ങളും. ഏകദേശം ഒരു ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിനാണ് ബഹ്‌റൈനുമായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്. കൊറോണ വെല്ലുവിളികൾക്കിടയിലും ഇരുരാജ്യങ്ങളും പരസ്പരം സഹകരിച്ചിരുന്നു. 2020 നവംബറിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബഹ്‌റൈനിൽ സന്ദർശനം നടത്തിയപ്പോൾ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുൾലത്തീഫ് ബിൻ റാഷിദ് അൽ സയാനി കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിലെത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും 2019 ഓഗസ്റ്റിൽ ബഹ്‌റൈൻ സന്ദർശിച്ചിട്ടുണ്ട്.
Tags