സ്വർണ്ണക്കടത്ത് തടയാൻ അധികാരികൾക്ക് കഴിയുന്നില്ലെന്ന് ഹൈക്കോടതി

സ്വർണ്ണക്കടത്ത് തടയാൻ അധികാരികൾക്ക് കഴിയുന്നില്ലെന്ന പരാമർശവുമായി ഹൈക്കോടതി. കള്ളക്കടത്ത് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നത്. കസ്റ്റംസ് ജാഗ്രത പുലർത്തുകയും കേസെടുക്കുകയും ചെയ്തിട്ടും സ്വർണ്ണക്കടത്ത് തടയാൻ കഴിയുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം. അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. മൂന്നുമാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും അടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ ജാമ്യത്തുകയും കെട്ടിവെക്കണം. ജൂൺ 28 നാണ് അ‍ജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 60 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും അർജുൻ കോടതിയിൽ വാദിച്ചിരുന്നു. കൂടുതൽ തെളിവുകളൊന്നും തനിക്കെതിരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇനിയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പ്രതിയുടെ വാദം. നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി രണ്ട് തവണ പ്രതിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു.
Tags