നെടുമങ്ങാട്: കരിപ്പൂരിൽ സൂര്യഗായത്രിയെ (20)യെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയത് മുൻവൈരാഗ്യം കാരണമെന്ന് മാതാപിതാക്കൾ. അരുൺ മുൻപ് പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും ഇത് നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അച്ഛൻ ശിവാദാസനും അമ്മ വത്സലയും പറയുന്നു.സൂര്യയെ വിവാഹം കഴിക്കണമെന്ന് അരുൺ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതാണ് പ്രതികാരത്തിന് കാരണമായത്. നാല് മാസം മുൻപാണ് വിവാഹാഭ്യർത്ഥന നടത്തിയത്. ഇത് നിരസിച്ചിട്ടും ശല്യം തുടർന്നതോടെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് അരുൺ സൂര്യയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. തല ചുമരിൽ ഇടിക്കുകയും മർദ്ദിക്കുകയും ചെയ്ത ശേഷം കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. തലമുതൽ പാദം വരെ നിരവധി മുറിവകളുമായി സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.
കരിപ്പൂരിന് സമീപം സൂര്യഗായത്രിയും മാതാപിതാക്കളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തിയായിരുന്നു അരുൺ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അടുക്കള വാതിലിലൂടെ അകത്തേക്ക് കടന്ന അരുൺ സൂര്യയെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയ അമ്മയ്ക്കും പരിക്കേറ്റു. അച്ഛൻ ശിവദാസനേയും അരുൺ മർദ്ദിച്ചു.നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ സമീപത്തെ ഒരു വീടിന്റെ ടെറസിൽ ഒളിച്ച പ്രതിയെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.