തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വം അടക്കമുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്റ്റില്‍. ഡോ. ജയലളിത സര്‍വകലാശാലയെ അണ്ണാമലൈ സര്‍വകലാശാലയില്‍ ലയിപ്പിക്കാനുള്ള ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് നടപടി.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയാണ് തമിഴ്നാട് സര്‍വകലാശാല നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്. 2013ലെ അണ്ണാമലൈ സര്‍വകലാശാല നിയമം, 1981ലെ ഭാരതിയാര്‍ സര്‍വകലാശാല നിയമം എന്നിവ ഭേദഗതി ചെയ്യുകയും 2021ലെ ഡോ. ജെ ജയലളിത സര്‍വകലാശാല നിയമം റദ്ദാക്കുകയും ചെയ്തുകൊണ്ടായിരുന്നു ബില്ല്. ജയലളിത സര്‍വകലാശാലയെ അണ്ണാമല സര്‍വകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് സ്ഥാപനമാക്കുകയും ചെയ്തു. ഇതിനെതിരെയാണ് എഐഎഡിഎംകെ രംഗത്തെത്തിയത്.
വിഷയം ചര്‍ച്ചയ്ക്കെടുക്കാമെന്ന് സ്പീക്കര്‍ അപ്പാവു വ്യക്തമാക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എഐഎഡിഎംകെ അംഗങ്ങള്‍ തയ്യാറായില്ല. തുടര്‍ന്ന് നിയമസഭ വിട്ടിറങ്ങിയ എംഎല്‍എമാര്‍ വല്ലജ റോഡിലുള്ള കലൈവനാര്‍ അരംഗം ഓഡിറ്റോറിയത്തിനു പുറത്ത് പ്രതിഷേധിച്ചു. ഗതാഗതം തടസപ്പെട്ടതോടെ പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടക്കുകയായിരുന്നു.