ഓണം കഴിഞ്ഞതോടെ സംസ്ഥാനം വന്‍ കടക്കെണിയില്‍ : 2500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനം വലിയ കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വീണ്ടും കടപ്പത്രം ഇറക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം 2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നുവെന്നാണ് വിശദീകരണം. ഇതിനായുള്ള ലേലം ഓഗസ്റ്റ് 24ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ഇതു വ്യക്തമാക്കുന്നതാണ് കടപ്പത്ര നീക്കം. ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സ് നല്‍കിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. 15-ാം തീയതിക്ക് ശേഷമാണ് ഓണമെങ്കില്‍ അടുത്ത മാസത്തെ ശമ്പളം നേരത്തെ നല്‍കാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാന്‍സ് ശമ്പളം നല്‍കിയില്ല. അടുത്ത മാസവും ശമ്പളം നല്‍കാന്‍ മതിയായ പണം കിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കടപ്പത്രം ഇറക്കിയത്. ഇതോടെ ഈ മാസം ശമ്പളം അടുത്ത മാസം ആദ്യം കൊടുക്കാന്‍ കഴിയും. ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന ഉള്‍പ്പടെ കോവിഡ് പ്രതിസന്ധിക്കിടെയും നല്‍കിയിരുന്നു. നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നല്‍കുകയാണ്. ഇതെല്ലാം ശമ്പള ചെലവ് കൂട്ടിയിട്ടുണ്ട്. കോവിഡില്‍ പത്തു ലക്ഷത്തിലേറെ പ്രവാസികള്‍ തൊഴില്‍രഹിതരായി മടങ്ങിയെത്തുന്നതോടെ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത് കനത്ത ആഘാതമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്.
Tags