ലോക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക ബാദ്ധ്യത മൂലം ഹോട്ടൽ ഉടമ ജീവനൊടുക്കി.

ഇടുക്കി : ജില്ലയിൽ ലോക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക ബാദ്ധ്യത മൂലം ഹോട്ടൽ ഉടമ ജീവനൊടുക്കി. പീരുമേട് സ്വദേശിയും നന്ദനം ഹോട്ടൽ ഉടമയുമായ വിജയ് (38) ആണ് തൂങ്ങി മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. പീരുമേട് ജംഗ്ഷനിലാണ് വിജയ് ഹോട്ടൽ നടത്തിവരുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുത്തായിരുന്നു ഏക വരുമാന മാർഗ്ഗമായിരുന്ന ഹോട്ടൽ വിജയ് മുന്നോട്ട് കൊണ്ടുപോയിരുന്നത്. ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് ദീർഘനാളായി ഹോട്ടൽ തുറക്കാതിരുന്നതോടെ തിരിച്ചടവ് മുടങ്ങി. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ. വീട്ടിനുള്ളിലെ മുറിയിലാണ് വിജയ് തൂങ്ങിമരിച്ചത്. സംഭവ സമയത്ത് ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. കിടപ്പു മുറിയിൽ നിന്നും ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ലോക്ഡൗൺ പ്രതിസന്ധിയെ തുടർന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആറാമത്തെ മരണമാണ് വിജയിയുടേത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചൊവ്വാഴ്ച സംസ്ഥാനത്ത് ഉണ്ടാകുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇത്. രാവിലെ കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തിരുന്നു.
Tags