തൃശൂരില്‍ ഇത്തവണ പുലികളി ഓണ്‍ലൈനായി; ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പുലിയും ഇന്നിറങ്ങും

ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂരില്‍ ഓണ്‍ലൈന്‍ പുലിക്കളിക്ക് തുടക്കമായി. ഏഴ് പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പുലിയും ഇക്കുറി അയ്യന്തോള്‍ ദേശത്തിനൊപ്പമുണ്ടാകും. അയ്യന്തോള്‍ ദേശത്തിന്റെ പുലിക്കളി സംഘാടകരുടെ ഫേസ്ബുക്ക് പേജിലാണ് പരിപാടി കാണാനാകുക. ഓര്‍മ പുതുക്കാനും ചടങ്ങ് നിര്‍വഹിക്കാനുമായി വൈകിട്ട് നാലിന് തൃശൂര്‍ നഗരത്തില്‍ ഒറ്റപ്പുലിയിറങ്ങും. വിയ്യൂര്‍ പുലിക്കളി സംഘത്തില്‍ നിന്നായിരിക്കും ഒറ്റപ്പുലിയിറങ്ങുക. വൈകിട്ട് നാലിന് നായ്ക്കനാല്‍ വഴി കയറി വടക്കുംനാഥനെ വണങ്ങി ഗണപതിക്ക് ഒറ്റപ്പുലി തേങ്ങയുടയ്ക്കും. ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പുലികളിയുടെ ഭാഗമാകുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മിസ്റ്റര്‍ കേരള പട്ടം നേടിയ പ്രവീണ്‍ നാഥാണ് പുലിവേഷം കെട്ടുന്നത്. കൊവിഡ് സാഹചര്യത്തില്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലെ പുലിക്കളി ഒഴിവാക്കിയതോടെയാണ് ഓണ്‍ലൈനായി പുലികളിറങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുലിക്കളി നടക്കുക.
Tags