ഇന്ത്യക്ക് ഇത് ചരിത്ര നിമിഷം: ഐഎൻഎസ് വിക്രാന്തിന്റെ വിജയകരമായ ആദ്യ കടൽ യാത്രയെ കുറിച്ച് വൈസ് അഡ്മിറൽ എ.കെ ചൗള

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ‘ഐഎൻഎസ് വിക്രാന്ത്’ ഞായറാഴ്ച അതിന്റെ ആദ്യ കടൽയാത്ര വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ നാവികസേനയുടെ ശ്രമത്തെ വൈസ് അഡ്മിറൽ എ.കെ ചൗള അഭിനന്ദിച്ചു. ഇത് ഇന്ത്യക്ക് ഒരു ചരിത്ര നിമിഷം. കടലിലെ അഞ്ച് ദിവസത്തെ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം കൊച്ചിയിലേക്ക് മടങ്ങി വന്ന വൈസ് അഡ്മിറൽ പറഞ്ഞു. വലിയ സംതൃപ്തിയോടെയാണ് തങ്ങൾ മടങ്ങുന്നതെന്നും, ഒരു കൂട്ടായ്മയുടെ പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രാന്തിന്റെ ആദ്യ കടൽ യാത്ര ഇന്നലെ വിജയകരമായി പൂർത്തിയാക്കി, ഈ മാസം 4 ന് കൊച്ചിയിൽ നിന്നാണ് കപ്പൽ യാത്ര തിരിച്ചത്. ഇന്ത്യൻ നാവികസേനയ്‌ക്ക് കപ്പൽ കൈമാറുന്നതിന് മുമ്പ് എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും പരിശോധിക്കുന്നതിനായി കടൽ പരീക്ഷണങ്ങളുടെ പരമ്പര തുടരും. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പനുസരിച്ച് ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡിഎൻഡി) രൂപകൽപ്പന ചെയ്ത ഐഎൻഎസ് വിക്രാന്ത് ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ് യാർഡ് കപ്പൽശാലയിലാണ് നിർമ്മിച്ചത്. ‘ആത്മ നിർഭാർ ഭാരത്’, ഇന്ത്യൻ നാവികസേനയുടെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ എന്നിവയ്‌ക്കായുള്ള രാജ്യത്തിന്റെ അന്വേഷണത്തിന്റെ ഒരു പ്രധാന ഉദാഹരണമാണ് ഐഎൻഎസ് വിക്രാന്ത്. ഈ വിമാനവാഹിനിക്കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും, സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമുണ്ട്. കപ്പലിൽ 2,300ലധികം കമ്പാർട്ടുമെന്റുകളുണ്ട്, 1700ഓളം നാവികരെ വഹിക്കാൻ കപ്പലിന് സാധിക്കും. വനിതാ ഓഫീസർമാർക്ക് ജൻഡർ-സെൻസിറ്റീവ് താമസ സൗകര്യങ്ങളുണ്ട്. കന്നി കപ്പൽ യാത്രയ്‌ക്കിടെ, കപ്പലിന്റെ പ്രകടനം, ഹൾ, മെയിൻ പ്രൊപ്പൽഷൻ, പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (പിജിഡി), സഹായ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ പരീക്ഷിച്ചു. വൈസ് അഡ്മിറൽ എ.കെ. ചൗള, ഫ്‌ളാഗ് ഓഫീസർ കമാന്റിംഗ്-ഇൻ-ചീഫ് സതേൺ നേവൽ കമാൻഡ് എന്നിവരാണ് അവസാന ദിവസം ട്രയലുകൾ അവലോകനം ചെയ്തത്. സിസ്റ്റം പാരാമീറ്ററുകൾ തൃപ്തികരമാണെന്ന് തെളിയിക്കുകയും ചെയ്തു. കൊറോണ കാരണം വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടും ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കുന്നത് ധാരാളം ആളുകളുടെ വർഷങ്ങളായുള്ള ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമാണ്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് വിക്രാന്തിന്റെ കൈമാറ്റം ലക്ഷ്യമിടുന്നത്.
Tags