ശ്രീജേഷിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ; കൈ മലർത്തി സംസ്ഥാന സർക്കാർ
August 09, 2021
തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്‌സ് വെങ്കലം നേടിയ ഹോക്കി ടീമിലെ മലയാളി താരം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ. അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംസീർ വയലിൽ താരത്തിന് ഒരു കോടി രൂപ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചു. ഒളിമ്പിക്‌സ് മത്സരത്തിൽ ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് പിആർ ശ്രീജേഷ് എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
41 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ആദ്യമായി ഒളിമ്പിക്‌സിൽ ഹോക്കി വിഭാഗത്തിൽ മെഡൽ നേടുന്നത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഹോക്കിയിൽ വെങ്കലം നേടിയ ടീം രാജ്യത്തിന്റെ നാല് പതിറ്റാണ്ടിലെ ചരിത്രം തിരുത്തിയിരിക്കുകയാണ്. മലയാളി താരമായ ഇന്ത്യയുടെ ഗോൾകീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഈ നേട്ടത്തിൽ നിർണായകമായിരുന്നു. മെഡൽ നേടിയതിന് പിന്നാലെ ടീമിന് അഭിനന്ദന പ്രവാഹമാണ് ഉണ്ടായത്. മലയാളികൾക്ക് ഏവർക്കും അഭിമാനമായി മാറിയ താരത്തെ പ്രധാനന്ത്രി നരേന്ദ്ര മോദി പ്രത്യേകം പ്രശംസിച്ചിരുന്നു.
അതേസമയം താരത്തെ ഒന്ന് അഭിനന്ദിക്കാൻ പോലും സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ല എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. താരത്തിന് ഇതുവരെ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല. കൈത്തറി വിഭാഗത്തിന്റെ വക മുണ്ടും ഷർട്ടുമാണ് സർക്കാരിന്റെ വക ശ്രീജേഷിന് നൽകുക എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്ത താരങ്ങൾക്ക് വരെ വിവിധ സംസ്ഥാന സർക്കാരുകൾ കോടികളാണ് പ്രതിഫലമായി നൽകുന്നത്. ഹോക്കി ടീമിലുണ്ടായിരുന്ന ഓരോ താരങ്ങൾക്കും 2.5 കോടി രൂപ നൽകുമെന്ന് ഹരിയാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ താരങ്ങൾക്കും പാരിതോഷികം നൽകുമെന്നാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞത്. വനിതാ ഹോക്കി വിഭാഗത്തിൽ പൊരുതി തോറ്റ ടീമംഗങ്ങൾക്കും ഹരിയാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. 50 ലക്ഷം രൂപ ഓരോ താരങ്ങൾക്കും നൽകാനാണ് സർക്കാർ തീരുമാനം.
Tags