പ്ലാസ്റ്റിക് ദേശീയ പതാകകൾ ഒഴിവാക്കണം; നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
August 09, 2021
ന്യൂഡൽഹി: ജനങ്ങൾ പ്ലാസ്റ്റിക് കൊണ്ടുള്ള പതാകകൾ ഉപയോഗിക്കുന്നില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ ദിനം അടുത്ത വേളയിലാണ് കേന്ദ്ര സർക്കാർ മാർഗ നിർദേശം നൽകിയിരിക്കുന്നത്. പ്രതീക്ഷയുടേയും ആഗ്രഹങ്ങളുടേയും പ്രതീകമായിട്ടാണ് രാജ്യത്തെ ജനങ്ങൾ ദേശീയ പതാകയെ കാണുന്നത്. എല്ലാ ജനങ്ങൾക്കും ദേശീയ പതാകയോട് ബഹുമാനവും വിധേയത്വവുമുണ്ട്. പേപ്പർ ഉപയോഗിച്ചുള്ള ദേശീയ പതാകയ്‌ക്ക് പകരമായി പ്ലാസ്റ്റിക്ക് കൊണ്ടുള്ള ദേശീയ പതാക പല ചടങ്ങുകളിലും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
പ്ലാസ്റ്റിക്ക് എന്നത് പേപ്പർ പോലെ നശിപ്പിച്ച് കളയാൻ സാധിക്കുന്ന വസ്തുവല്ല. ദീർഘനാൾ ഇത് നശിക്കാതെ കിടക്കുകയും, പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഈ അവസരത്തിൽ ജനങ്ങൾ പ്ലാസ്റ്റിക് പതാകകൾക്ക് പകരം പേപ്പർ പതാകകളാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടേത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും ചുമതലയാണ്.
ഉപയോഗത്തിന് ശേഷം ഈ പതാകകൾ നിലത്ത് ഉപേക്ഷിക്കപ്പെടുന്നില്ലെന്നും അധികൃതർ ഉറപ്പ് വരുത്തണം. പതാകയോടുള്ള എല്ലാ ബഹുമാനവും നൽകി വേണം അത് നിർമാർജ്ജനം ചെയ്യേണ്ടത്. അല്ലാത്ത പക്ഷം അത് ദേശീയപതാകയോടുള്ള അവഹേളനമായി കണക്കാക്കുമെന്നും കേന്ദ്രസർക്കാർ പറയുന്നു.
Tags