കരിപ്പൂർ സ്വർണക്കടത്ത്; അർജ്ജുൻ ആയങ്കിയുടെ സുഹൃത്തിന്റെ വാഹനാപകടം; കാറോടിച്ച ഡ്രൈവർ രക്തം ഛർദ്ദിച്ച് മരിച്ചു
August 09, 2021
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ദുരൂഹതയേറുന്നു. അർജ്ജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ചിരുന്ന ആളും മരിച്ചു. റമീസിന്റെ ബൈക്കിടിച്ച കാറിന്റെ ഡ്രൈവർ അശ്വിൻ പി.വി ആണ് മരിച്ചത്. കണ്ണൂർ തളാപ്പ് സ്വദേശിയാണ് അശ്വിൻ. കഴിഞ്ഞ മാസമാണ് അർജ്ജുൻ ആയങ്കിയുടെ കൂട്ടാളിയായ റമീസ് വാഹനാപകടത്തിൽ മരിക്കുന്നത്. ഈ വാഹനാപകടത്തിന് കാരണമായ കാറോടിച്ചിരുന്നത് അശ്വിനാണ്.
രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ഇന്നലെ അശ്വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. രണ്ടു വർഷമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അശ്വിൻ. അശ്വിൻ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമിത മദ്യപാനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് കണ്ണൂർ ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസും അറിയിച്ചു.
അർജ്ജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് റമീസ്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അടുത്ത ദിവസങ്ങളിൽ ഹാജരാകാൻ ആവശ്യപ്പെട്ട് റമീസിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് വാഹനാപകടം ഉണ്ടാകുന്നതും റമീസ് മരണത്തിന് കീഴടങ്ങുന്നതും. മാതാവിനെ ബന്ധുവീട്ടിൽ ആക്കി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. അർജ്ജുൻ ആയങ്കിയുടെ ബൈക്കാണ് റമീസ് ഓടിച്ചിരുന്നത്.
Tags