ന്യൂഡൽഹി: ജൻമാഷ്ടമിക്ക് ഭക്തരുടെ ക്ഷേത്ര ദർശനം പൂർണമായി വിലക്കി ഡൽഹി പോലീസ്. കൊറോണ വ്യാപനം തടയാൻ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളുടെ മറവിലാണ് ഡൽഹി പോലീസ് ഭക്തരുടെ ക്ഷേത്ര ദർശനം വിലക്കിയത്. അതോറിറ്റിയുടെ നിർദ്ദേശങ്ങളിൽ മതപരമായ കൂട്ടായ്മകൾ വിലക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. വിലക്ക് ലംഘിക്കുന്നവർക്കെതിരേ കർശന നടപടി എടുക്കുമെന്നും ഭീഷണിയുണ്ട്.
ഡൽഹിയിലെ കൊറോണ വ്യാപനം ഏതാണ്ട് പൂർണമായി നിയന്ത്രണവിധേയമാണ് നിലവിൽ. എന്നിട്ടും രോഗവ്യാപനം ഉയർന്ന തോതിൽ നിന്നപ്പോൾ പുറത്തിറക്കിയ നിർദ്ദേശത്തിന്റെ മറവിൽ ഭക്തരുടെ അവകാശം വിലക്കുന്നതിൽ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. സൗത്ത് -ഈസ്റ്റ് ഡൽഹി ഡിസിപി ആർപി മീണയാണ് ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരേ കടുത്ത നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി വ്യക്തമാക്കിയത്.
ഉത്സവങ്ങൾ വീടുകളിൽ ആഘോഷിക്കാനാണ് ജനങ്ങളോട് പറഞ്ഞിട്ടുളളതെന്നും ക്ഷേത്രങ്ങളിൽ കൂട്ടം ചേരാനല്ലെന്നുമാണ് ഡൽഹി പോലീസിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം കൊറോണ മാർഗനിർദ്ദേശങ്ങളുടെ കാലാവധി കേന്ദ്രസർക്കാർ സെപ്തംബർ 30 വരെ നീട്ടിയിരുന്നു. ഉത്സവ സീസൺ വരുന്നതിനാൽ ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും വലിയ തോതിലുളള ഒത്തുചേരൽ ഒഴിവാക്കണമെന്ന് മാത്രമാണ് മാർഗനിർദ്ദേശത്തിൽ പറയുന്നത്.
രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലാണ് ഡൽഹിയിൽ ഇപ്പോൾ. നിയന്ത്രണങ്ങൾക്ക് പകരം ക്ഷേത്ര ദർശനം പൂർണമായി വിലക്കിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധവും ഉയർന്നുകഴിഞ്ഞു. ശനിയാഴ്ച 29 കൊറോണ കേസുകൾ മാത്രമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. .04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരു മരണം പോലും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.