കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; നാല് പേരെ എൻഐഎ അറസ്റ്റ് ചെയ്തു
August 04, 2021
ന്യൂഡൽഹി : കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് നാല് പേരെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കശ്മീരിൽ ഉൾപ്പെടെ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയോടെ നിരവധി പ്രദേശങ്ങളിലാണ് അന്വേഷണ ഏജൻസി പരിശോധന നടത്തിയത്.
രണ്ട് പേരെ ജമ്മു കശ്മീരിലെ ബന്ദിപ്പോറ, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നും മറ്റ് രണ്ട് പേരെ കർണാടകയിലെ മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുമാണ് എൻഐഎ പിടികൂടിയത്. എൻഐഎ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ എൻഐഎ പിടികൂടിയിരുന്നു. മലയാളികളായ മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ.റാഹിസ് റഷീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരള, കർണാടക, ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.
മുഹമ്മദ് അമീനിന്റെ നേതൃത്വത്തിലുള്ള സംഘടന സമൂഹമാദ്ധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പങ്കുവെയ്‌ക്കുന്നതായും ചിലരെ വധിക്കാൻ പദ്ധതിയിട്ടതായും കണ്ടെത്തിയിരുന്നു. ഐഎസ്‌ഐസിന്റെ ജിഹാദി ആശയങ്ങൾ ടെലഗ്രാം, ഹൂപ്പ്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇയാൾ പങ്കുവെച്ചത്. നിരവധി പേരെ ഇവർ സംഘടനയിലേയ്‌ക്ക് റിക്രൂട്ട് ചെയ്യുകയുമുണ്ടായി. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കൂട്ടത്തോടെ ജമ്മു കശ്മീരിലേയ്‌ക്ക് പോകാനായിരുന്നു പ്രതികളുടെ തീരുമാനം എന്നും എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
Tags
