ഇംഗ്ലീഷ് പടയെ വെള്ളം കുടിപ്പിച്ച് ഇന്ത്യൻ പേസർമാർ; ഇംഗ്ലണ്ട് 183 ന് പുറത്ത്
August 04, 2021
നോട്ടിംഗ്ഹാം: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലീഷ് നിര 65.4 ഓവറില്‍ 183 റണ്‍സിന് പുറത്തായി. നാലു വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബൂമ്രയും മൂന്ന് വിക്കറ്റെടുത്ത മുഹമ്മഷ് ഷമിയും രണ്ട് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ താക്കൂറും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. അർദ്ധ സെഞ്ച്വറി നേടിയ നായകന്‍ ജോ റൂട്ടിനൊഴികെ മറ്റാര്‍ക്കും ഇന്ത്യയുടെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കുംമുൻപ് തന്നെ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ റോറി ബേണ്‍സിനെ ജസ്പ്രീത് ബൂമ്ര കൂടാരത്തിലെത്തിച്ചു. ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ഒടുവില്‍ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 27 റണ്‍സെടുത്ത് നിലയുറപ്പിച്ച ക്രോളിയെ സിറാജ് റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. പിന്നീട് ക്രിത്യമായ ഇടവേളകളിൽ ഇന്ത്യൻ പേസർമാർ വീക്കറ്റ് വീഴ്‌ത്തി. ജോണി ബെയര്‍സ്‌റ്റോ (29), സാം കറെന്‍ (27*), സാക്ക് ക്രോളി (27), ഡൊമിനിക്ക് സിബ്ലി (18), എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കടന്നത്.
രണ്ടു സര്‍പ്രൈസ് തീരുമാനങ്ങളുമായിട്ടാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരെ പുറത്തിരുത്തിയ ഇന്ത്യ പകരം ഷര്‍ദ്ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവരെ കളിപ്പിക്കുകയായിരുന്നു. നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്.
Tags
