ശ്വാസകോശ കാന്‍സറിന് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന; ലക്ഷണങ്ങളുണ്ടായിട്ടും ഭൂരിഭാഗം പേരും പരിശോധന നടത്തിയില്ലെന്ന് റിപ്പോര്‍ട്ട്
August 11, 2021
കൊച്ചി: കൊവിഡ് ലോക്ഡൗണിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയെന്ന് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍. രോഗലക്ഷണങ്ങള്‍ അവഗണിച്ചതിനാല്‍ ഇതില്‍ 50 ശതമാനത്തോളം പേരിലും കാന്‍സര്‍ ബാധ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ചുമ, ശ്വസിക്കുന്നതിനുള്ള നേരിയ ബുദ്ധിമുട്ടുകള്‍ എന്നീ ലക്ഷണങ്ങളുണ്ടായിട്ടും ഇതില്‍ ഭൂരിഭാഗം പേരും ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ലോക്ഡൗണ്‍ കാലയളവില്‍ ശ്വാസകോശ കാന്‍സര്‍ പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം ഗുരുതരാവസ്ഥയില്‍ ഒപിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെന്ന് കൊച്ചി അമൃത ആശുപത്രി പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി ചീഫ് ഡോ. ടിങ്കു ജോസഫ് പറഞ്ഞു. രോഗം വൈകി കണ്ടെത്തിയാല്‍ രോഗിക്ക് കാര്യമായ ചികിത്സയോ പ്രതീക്ഷയോ നല്കാന്‍ സാധിക്കില്ല. കാന്‍സര്‍ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രോഗികളില്‍ ഇത് ഭേദമാക്കുകയെന്നത് അത്യന്തം ബുദ്ധിമുട്ടാണ്. ഇത്തരം രോഗികള്‍ക്ക് രോഗത്തിനുള്ള ചികിത്സയ്ക്കുപരിയായി പാലിയേറ്റീവ് കെയറോ അല്ലെങ്കില്‍ കീമോതെറാപ്പിയോ റേഡിയോ തെറാപ്പിയോ ആണ് നിര്‍ദേശിക്കാറുള്ളതെന്നും ഡോ. ടിങ്കു പറഞ്ഞു.
രാജ്യത്ത് കാന്‍സര്‍ പരിശോധന കാര്യക്ഷമമാക്കുകയെന്നത് ഏറ്റവും പ്രധാനമായ കാര്യമെന്ന് മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് ഹെമറ്റോളജി വിഭാഗം ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വെസ്ലി എം. ജോസ് പറഞ്ഞു. പരിശോധനകളുടെ അഭാവം രോഗികളുടെ അവസ്ഥ ഗുരുതരമാകാന്‍ കാരണമായിട്ടുണ്ട്. ഗണ്യമായ വിഭാഗം ആളുകളില്‍ പുകവലി ശീലമുള്ളതിനാല്‍ കൃത്യമായ ശ്വാസകോശ പരിശോധനാ സംവിധാനത്തിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസകോശ കാന്‍സറിനുള്ള കാരണങ്ങളെപ്പറ്റിയും പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുമുള്ള ബോധവത്കരണ പരിപാടി കൊച്ചി അമൃത ആശുപത്രിയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തുടക്കത്തില്‍ തന്നെ പരിശോധനയിലൂടെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഒരു 'ലങ് നൊഡ്യൂള്‍ ക്ലിനിക്ക്' പ്രവര്‍ത്തനം തുടങ്ങി.
Tags