ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്കോയോട് നിർദ്ദേശിച്ച് ഹൈക്കോടതി

ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്കോയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്നും മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ള മാർഗം. മദ്യം വാങ്ങാനെത്തുന്നവർക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്‌ഥയാണെന്നും കോടതി നിരീക്ഷിച്ചു. മദ്യശാലകളിൽ അടിസ്‌ഥാന സൗകര്യങ്ങളൊരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൊവിഡ് മാനദണ്ഡങ്ങളിൽ മദ്യശാലകൾക്ക് ഇളവില്ലെന്നും പുതിയ ഉത്തരവ് കർശനമായി നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു. സൗകര്യങ്ങളില്ലാത്ത മദ്യ ഷോപ്പുകൾ മാറ്റി സ്‌ഥാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കി. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകൾക്ക് എല്ലാം അനുമതി നൽകിയത് എക്‌സൈസ്‌ കമ്മീഷണറാണെന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ട് മാസം വേണമെന്നും ബെവ്‌കോ അറിയിച്ചു. സെപ്റ്റംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
Tags