അഫ്ഗാനില്‍ നിന്ന് ഇന്ന് കൂടുതല്‍ പേരെ നാട്ടിലെത്തിക്കും
August 22, 2021
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാ ദൗത്യം ഊർജിതമാക്കി ഇന്ത്യ. ഇന്ന് കൂടുതൽ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കും. കാബൂളിൽ നിന്ന് ഖത്തറിലെ ദോഹയിൽ എത്തിച്ച 146 ഇന്ത്യക്കാർ ഇന്നലെ രാത്രിയോടെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ടതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അഫ്ഗാനിസ്താനിൽ നിന്നും ദോഹ വഴി 135 ഇന്ത്യൻ പൗരൻമാരെ ശനിയാഴ്ച ഡൽഹിയിലേക്ക് മടക്കി കൊണ്ടുവന്നിരുന്നു. തജികിസ്ഥാൻ വഴിയും കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ നേരിട്ടും കൂടുതൽ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അഞ്ഞൂറിലധികം ഇന്ത്യയ്ക്കാരാണ് കാബൂളിൽ കുടുങ്ങിക്കിടക്കുന്നത്. അതേസമയം ഡൽഹിയിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ച ഹിന്ദു-സിഖ് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള അഫ്ഗാൻ പൗരന്മാരെ കൊണ്ടുവരുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. അഫ്ഗാൻ പൗരന്മാരുടെ സംഘത്തെ കഴിഞ്ഞ ദിവസം താലിബാൻ തടഞ്ഞിരുന്നു.
Tags