തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ചുളള കൊറോണ വ്യാപനത്തോടെ വരും ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധർ. രോഗികളുടെ എണ്ണം നാൽപ്പതിനായിരം കടന്നേക്കാമെന്ന് വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു. അവധി കഴിഞ്ഞ് പരിശോധനകൾ വർദ്ധിപ്പിച്ചാൽ മാത്രമേ കണക്കിൽ വ്യക്തത വരൂ.
സംസ്ഥാനത്ത് ഇളവുകൾ നൽകിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഓണത്തിന് മുൻപേ സംഭവിച്ചു എന്നാണ് വിലയിരുത്തൽ. ഈ മാസം ഉടനീളം ഇരുപതിനായിരത്തിലധികം കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഐസിയു, വെന്റിലേറ്റർ എന്നിവ നിറയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. അതേസമയം ഓണാഘോഷത്തിന്റെ ഭാഗമായി പരിശോധനകൾ കുറച്ചിരിക്കുകയാണ്.
കൊറോണ വാക്‌സിൻ ജനങ്ങളിലേക്ക് പൂർണമായും എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓണത്തിന് ശേഷം കൊറോണ വ്യാപനം വർദ്ധിച്ചാൽ പ്രശ്‌നം ഗുരുതരമാകും എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കാം. അതേസമയം ഇന്ന് ചേരാനിരുന്ന കൊറോണ അവലോകന യോഗം മാറ്റിവെച്ചു. ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത.