അമ്മയുടെ പേരിൽ തമ്മിൽത്തർക്കം: തിരുവനന്തപുരത്ത് വൃദ്ധയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വൃദ്ധയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. മക്കൾ ഉപേക്ഷിച്ച 70 വയസുകാരിയായ സരോജിനിയെയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ യുവാക്കൾ ചേർന്ന് വൃദ്ധക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ചായക്കട നടത്തിയാണ് സരോജിനി ഉപജീവനം നടത്തിയിരുന്നത്.


 
രണ്ട് പെൺമക്കളും ഒരു ആണും ഉൾപ്പടെ സരോജിനിയ്‌ക്ക് മൂന്ന് മക്കളുണ്ട്. എന്നാൽ ഇവരാരും ഇപ്പോൾ സരോജിനിയെ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. അമ്മയെ ചൊല്ലി മക്കൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അതിനിടയിലാണ് ഇവർക്ക് രോഗം വരികയും ശരീരത്തിൽ മുറിവുണ്ടാവുകയും ചെയ്തത്. മക്കൾ ശ്രദ്ധിക്കാത്തത് കൊണ്ടു തന്നെ ഇതിന് മതിയായ ചികിത്സ നൽകാൻ സാധിച്ചില്ല.

ഓണം കഴിഞ്ഞതിന് ശേഷം ഈ വീട്ടിൽ തന്നെ കഴിയുന്ന സരോജിനിയുടെ മുറിവ് പുഴുവരിക്കുകയും വലിയ വ്രണമായി മാറുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് സമീപത്തെ യുവാക്കളെത്തി വൃദ്ധയെ കുളിപ്പിച്ച് വീടും പരിസരവും വൃത്തിയാക്കി പ്രാഥമിക ചികിത്സ നൽകി. നിലവിൽ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് മൂന്ന് മക്കളെയും വിളിച്ചുവരുത്തി ചർച്ചകൾ നടക്കുകയാണ്.
Tags