കാബൂളിൽ 14 മലയാളി ഐഎസ് ഭീകരർ സജീവം ; കൂടുതൽ സ്ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു ; കൂടെ പാക് ഭീകരരും

കാബൂൾ : കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്ന മലയാളികളിൽ 14 പേർ കാബൂളിൽ സജീവമെന്ന് റിപ്പോർട്ട്. സ്ഫോടനങ്ങൾക്കായി ഇവരെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ വിഭാഗം ഉപയോഗിക്കുമെന്ന ആശങ്ക ശക്തമായി. ഓഗസ്റ്റ്26 ന് തുർക്ക്മെനിസ്താൻ എംബസിയിൽ ചാവേർ ബോംബ് സ്ഫോടനം നടത്താൻ പാക് ഭീകരർക്കൊപ്പം ഇവരെയും ഉപയോഗിക്കാൻ ഐഎസ് തീരുമാനിച്ചിരുന്നതായും സൂചനയുണ്ട്. കണ്ണൂർ , കാസർഗോഡ്, മലപ്പുറം ജില്ലകളിൽ നിന്ന് നിരവധി മലയാളി ഭീകരർ കുടുംബത്തോടൊപ്പം ഐഎസിൽ ചേരാനായി സിറിയ വഴി അഫ്ഗാനിലേക്ക് എത്തിയിരുന്നു. സിറിയയിൽ യുദ്ധം ചെയ്യുന്നതിനിടെ ഇസ്ലാമിക് സ്റ്റേറ്റ് തകർന്നതോടെയാണ് ഇവർ അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ താവളമുറപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്റെ ശക്തികേന്ദ്രമാണ് നംഗർഹാർ. താലിബാൻ ഭരണം പിടിച്ചതോടെ ജയിലുകളിൽ നിന്ന് നിരവധി മലയാളി ഭീകരരും രക്ഷപ്പെട്ടതായാണ് സൂചന. ഇവരിലുൾപ്പെട്ടവരാണ് കാബൂളിൽ എത്തിയിരിക്കുന്നത്. ചാവേർ ബോംബ് സ്ഫോടനങ്ങൾക്കായി ഇവരെ ഐഎസ് ഉപയോഗിക്കുമെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ആശങ്കപ്പെടുന്നത്. അഫ്ഗാനിൽ നടക്കുന്ന ബോംബ് സ്ഫോടനത്തിൽ ഇന്ത്യക്കാർ ഉത്തരവാദികളാകുന്നത് അന്താരാഷ്‌ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടാകും. 14 മലയാളി ഭീകരരിൽ ഒരാൾ കാബൂൾ സ്ഫോടന ദിവസം കേരളത്തിലേക്ക് ഫോൺ വിളിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം കാബൂൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറിലേക്ക് എത്തി. പത്തിലധികം അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്ഫോടനത്തിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ വിഭാഗമാണെന്നാണ് താലിബാനും അമേരിക്കയും വ്യക്തമാക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ വിഭാഗത്തിനു നേരെ അമേരിക്ക വ്യോമാക്രമണവും നടത്തി. നേരത്തെ കാബൂളിൽ ഗുരുദ്വാരയ്‌ക്ക് നേരേ നടന്ന ആക്രമണത്തിന് പിന്നിൽ മലയാളി ഭീകരനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. അബു ഖാലിദ് അൽ ഹിന്ദി എന്ന പേരിൽ അറിയപ്പെടുന്ന തൃക്കരിപ്പൂർ സ്വദേശിയാണ് ഗുരുദ്വാരയിൽ ആക്രമണം നടത്തിയത്.
Tags