കണിച്ചുകുളങ്ങരയില്‍ വാനിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ ടെമ്പോ ട്രാവലര്‍ വാനിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ദാരുണ സംഭവം. അരൂര്‍ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച വാന്‍. നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. തീപിടുത്തം നിയന്ത്രണവിധേയമാക്കിയതിന് ശേഷമാണ് വാനിനുള്ളില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നെന്ന് അറിഞ്ഞത്. രാജീവന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. മരിച്ച രാജീവന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നും ഇതില്‍ മനോവിഷമത്തിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നേരത്തെ ട്രിപ്പര്‍ ഡ്രൈവറായിരുന്ന രാജീവന് ലോക്ക്ഡൗണില്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു.
Tags