ഇസ്ലാമാബാദ് : താലിബാന്റെ സൃഷ്ടിക്ക് പിന്നിൽ പാകിസ്താനാണെന്ന് അഫ്ഗാനിസ്ഥാൻ മുൻ ഉപ വിദേശകാര്യമന്ത്രി മഹ്മൂദ് സൈക്കൽ . ഇന്ത്യയെ നേരിടുക എന്ന ഉദ്ദേശ്യത്തോടെയാണ് പാകിസ്താൻ താലിബാന് രൂപം നൽകിയതെന്നും പാക് മുൻ പ്രധാനമന്ത്രി പർവ്വേസ് മുഷറഫിന്റെ വാക്കുകളെ ആധാരമാക്കി സൈക്കൽ ട്വീറ്റ് ചെയ്തു.
‘ ഇന്ത്യയെ എതിർക്കാനാണ് പാകിസ്താൻ താലിബാനെ സൃഷ്ടിച്ചത് . അടിമത്തത്തിന്റെ ചങ്ങലകളെ താലിബാൻ തകർക്കുമെന്നാണ് ഇമ്രാൻ ഖാന്റെ വിശ്വാസം . എസ് എം ഖുറേഷി,യൂസഫ് മൂദ് എന്നിവരാകട്ടെ താലിബാനുമായി ഇടപഴകാൻ ലോകത്തിനു മേൽ സമ്മർദ്ദം ചെലുത്തുന്ന തിരക്കിലാണ് ‘ – സൈക്കൽ ട്വീറ്റിൽ പറയുന്നു .
ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസൻ ഗ്രൂപ്പിൽ അഫ്ഗാൻ , പാക് പൗരൻമാരുണ്ട്, അൽ-ഖ്വയ്ദയുടെ നേതൃത്വത്തിന്റെ ഒരു പ്രധാന ഭാഗം താമസിക്കുന്നതും പാകിസ്താൻ – അഫ്ഗാൻ അതിർത്തി പ്രദേശത്താണെന്നും മഹ്മൂദ് സൈക്കൽ പറയുന്നു .
ഹാർവാർഡ് യൂണിവേഴ്സിറ്റി മാറ്റ് വാൾഡ്മാൻ കാർ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പോളിസി തയ്യാറാക്കിയ ‘ ദി സൺ ഇൻ ദി സ്കൈ- പാകിസ്താന്റെ ഐഎസ്ഐയും അഫ്ഗാൻ വിമതരും തമ്മിലുള്ള ബന്ധം‘ എന്ന പഠനറിപ്പോർട്ടിനെ കുറിച്ചും സൈക്കൽ ട്വീറ്റിൽ പറയുന്നുണ്ട് . ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസൻ , താലിബാൻ, അൽ-ഖ്വയ്ദ എന്നിവ തമ്മിൽ പുതുതായി ബന്ധം സ്ഥാപിക്കുന്നതായി ഐക്യരാഷ്‌ട്രസഭയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്നും സൈക്കൽ പറഞ്ഞു.
അൽ-ഖ്വയ്ദ നേതൃത്വത്തിലെ പ്രധാനികളിൽ പലരും അഫ്ഗാനിസ്ഥാൻ- പാകിസ്താൻ അതിർത്തി പ്രദേശത്തും , ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുമാണ് താമസിക്കുന്നതെന്നാണ് യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാൻക്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത് . താലിബാനുമായി ഒത്തുചേർന്ന ധാരാളം അൽ-ഖ്വയ്ദ ഭീകരരും, മറ്റ് വിദേശ തീവ്രവാദ സംഘങ്ങളും അഫ്ഗാനിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു .
ഭീകര സംഘ തലവൻ അയ്മാൻ മുഹമ്മദ് റാബി അൽ സവാഹിരി അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്റെയും അതിർത്തി പ്രദേശത്ത് എവിടെയോ ആണെന്നാണ് നിഗമനം . അനാരോഗ്യം മൂലം സവാഹിരി മരിച്ചതായുള്ള മുൻ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ലെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
കാണ്ഡഹാർ, ഹെൽമണ്ട് , നിംറൂസ് പ്രവിശ്യകൾ എന്നിവിടങ്ങളിൽ നിന്നുള്ള താലിബാൻ സംഘത്തിന്റെ സഹായത്തോടെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ പ്രവർത്തിക്കുന്നത് . ഈ സംഘത്തിൽ അഫ്ഗാൻ, പാകിസ്താൻ പൗരന്മാരും ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉണ്ടെന്നാണ് റിപ്പോർട്ട്. അന്തരിച്ച അസിം ഉമറിന്റെ പിൻഗാമിയായ ഒസാമ മഹ്മൂദാണ് ഈ സംഘത്തിന്റെ ഇപ്പോഴത്തെ നേതാവ്.