അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനരികെ ആൾത്തിരക്ക്. തിരക്കിൽ ഏഴ് പേർ മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു
August 22, 2021
അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനരികെ ആൾത്തിരക്ക്. തിരക്കിൽ ഏഴ് പേർ മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട ഏഴ് പേരും അഫ്ഗാനിസ്ഥാൻ പൗരന്മാരാണ്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തുന്നതായി യുകെ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു. (died near kabul airport)
കഴിഞ്ഞ ആഴ്ച കാബൂളിൽ നിന്ന് ഒഴിപ്പിച്ചത് 2500 അമേരിക്കക്കാരെയെന്ന് മേജർ ജനറൽ വില്ല്യം ടെയ്‌ലർ അറിയിച്ചിരുന്നു. എത്രയും വേഗം ആളുകളെ ഒഴിപ്പിക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 17,000 പേരെയാണ് ആകെ ഒഴിപ്പിച്ചത്. ഇതിൽ 2500 പേർ അമേരിക്കൻ പൗരന്മാരാണ്. ഇനി അഫ്ഗാനിസ്ഥാനിൽ എത്ര അമേരിക്കക്കാർ ഉണ്ട് എന്നതിനെപ്പറ്റി കൃത്യമായ എണ്ണം ലഭ്യമല്ലെന്ന് പെൻ്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.
നേരത്തെ, അഫ്ഗാനിൽ നിന്നുള്ളവർക്ക് താത്കാലിക അഭയമൊരുക്കാൻ കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. 5,000 പേർക്ക് പത്ത് ദിവസത്തിനകം അഭയമൊരുക്കാൻ തയാറാണെന്ന് യുഎഇ അറിയിച്ചു. കാബൂളിൽ നിന്ന് യുഎസ് വിമാനങ്ങളിൽ അഭയാർത്ഥികളെ യുഎഇയിൽ എത്തിക്കും.
അതേസമയം, അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തിൽ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യു.എസ്. പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചു. അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യമെന്ന് ബൈഡൻ പറഞ്ഞു. അപകടകരമെന്നാണ് അഫ്ഗാൻ രക്ഷാദൗത്യത്തെ ബൈഡൻ വിശേഷിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘മുഴുവൻ അമേരിക്കൻ പൗരന്മാരെയും സഹായിച്ച അഫ്ഗാൻകാരെയും രക്ഷപ്പെടുത്തും’- ജോ ബൈഡൻ അറിയിച്ചു. സേന പിന്മാറ്റത്തിൽ യു.എസ് ഇന്റലിജൻസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാബൂൾ വിമാനത്താവളത്തിൽ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് നിലിവിൽ ഉള്ളത്. ഇതിനകം 18,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്ന് മാറ്റി. അഫ്ഗാനിൽ യു.എസിനെ സഹായിച്ച സ്വദേശികളെ അമേരിക്കയിൽ എത്തിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു.
താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കണക്കാക്കുകയില്ലെന്ന് ജപ്പാൻ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാജ്യത്തിൻറെ താൽപര്യം കൂടി കണക്കിലെടുത്താകും അഫ്ഗാൻ വിഷയത്തിൽ തീരുമാനമെടുക്കുകയെന്നും ജപ്പാൻ അറിയിച്ചു. ചീഫ് കാബിനറ്റ് സെക്രട്ടറി കാട്‌സുനോബു കാട്ടോ വാർത്താ സമ്മേളനത്തിലാണ് അഫ്ഗാൻ വിഷയത്തിൽ ജപ്പാന്റെ നിലപാട് വ്യക്തമാക്കിയത്.
Tags