ഓക്സിജൻ ലഭ്യത ഉറപ്പാക്കാനും നടപടി എടുത്തിട്ടുണ്ട്. 870 മെട്രിക് ടൺ ഓക്സിജൻ നിലവിൽ കരുതൽ ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരം 13 മെട്രിക് ടൺ ഓക്സിജൻ സ്ഥാപിക്കാൻ സഹായകരമാവുന്ന പ്ലാന്റുകൾ സ്വകാര്യ ആശുപത്രികളിൽ സജ്ജമാക്കും. സർക്കാർ ആശുപത്രികളിൽ ഐ.സി.യു. വെൻ്റിലേറ്റർ സൗകര്യം ഇതൊന്നും ലഭ്യമല്ലെങ്കിൽ ഇത്തരം ആശുപത്രികളിൽ മാറ്റി ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കും.
കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കാൻ 3.19കോടി രൂപ സർക്കാർ അനുവദിച്ചു. മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിക്ക് 18 വയസ്സാവും വരെ മാസംതോറും 2000 രൂപയുമാണ് അനുവദിക്കുന്നത്. ഈ കുട്ടികളുടെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും. മാനദണ്ഡങ്ങൾ അനുസരിച്ച് 87 കുട്ടികളെ ഈ പദ്ധതിക്കായി സർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്.