ബംഗാൾ തെരഞ്ഞെടുപ്പ് അക്രമം; രണ്ട് പേർ സിബിഐ കസ്റ്റഡിയിൽ; 21 കേസുകൾ രജിസ്റ്റർ ചെയ്തു

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. അക്രമസംഭവങ്ങളിൽ നേരിട്ട് പങ്കെടുത്തവരെയാണ് ഇവരെന്ന് അന്വേഷണ സംഘം പറഞ്ഞു. നാദിയ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് രാവിലെ രണ്ട് പേരെയും പിടികൂടിയത്.

കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. സംഘർഷവുമായി ബന്ധപ്പെട്ട് ആകെ 21 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ഹൈക്കോടതിയുടെ പൂർണമായ നീരീക്ഷണത്തിലായിരിക്കും. അക്രമ സംഭവങ്ങൾ നടന്ന പ്രദേശങ്ങൾ സിബിഐ സംഘം സന്ദർശനം നടത്തി. ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.

കോടതി ആവശ്യപ്പെട്ടതനുസരിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് സംഘാംഗങ്ങൾ. സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുക്കുകയാണ് മമത ബാനർജി സർക്കാർ. അക്രമസംഭവങ്ങളിലെ ഇരകൾക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു.

കഴിഞ്ഞ മെയ് രണ്ടിനാണ് ബംഗാളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ അക്രമം അരങ്ങേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ വിജയാഘോഷങ്ങളുടെ മറവിൽ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. ബിജെപി, ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു അക്രമങ്ങൾ. പലരുടെയും വീടുകൾ നഷ്ടപ്പെട്ടു. പതിനായിരങ്ങളാണ് അക്രമങ്ങളെ തുടർന്ന് അസമിലേക്കും മറ്റും പലായനം ചെയ്തത്.

സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളാണ് അധികവും അക്രമങ്ങൾക്ക് ഇരയായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വലിയ വിജയമാണ് മമതയെയും തൃണമൂൽ കോൺഗ്രസിനെയും പ്രകോപിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് നാലംഗ സംഘം സംഘർഷം നടന്ന പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. സംസ്ഥാന സർക്കാറിന്റെ ഒത്താശയോടെയാണ് അക്രമ സംഭവങ്ങൾ നടന്നതെന്നാണ് ബി. ജെ. പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
Tags