ഇന്ത്യയും പാകിസ്താനും ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണം; കശ്മീർ വിഷയത്തിൽ നിലപാട് പറഞ്ഞ് താലിബാൻ

ന്യൂഡൽഹി: അഫ്ഗാനിൽ ഭരണം പിടിച്ചതിന് പിന്നാലെ കശ്മീർ വിഷയത്തിൽ നിലപാട് പറഞ്ഞ് ഭീകരസംഘടനയായ താലിബാൻ. താലിബാൻ വക്താവ് സബിയുളള മുജാഹിദ് ആണ് പാക് ടെലിവിഷൻ ചാനലായ എആർഐ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്ക് പോസിറ്റീവായ സമീപനം ഉണ്ടാകണമെന്നും സബിയുളള അഭിപ്രായപ്പെട്ടു. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് താലിബാൻ ആഗ്രഹിക്കുന്നത്. ഇന്ത്യയുമായും അങ്ങനെ തന്നെയാണ്. കാരണം ഇന്ത്യ മേഖലയിലെ നിർണായക ഭാഗമാണ്. അഫ്ഗാൻ വിഷയത്തിൽ അവിടുത്തെ ജനതയുടെ താൽപര്യത്തിന് അനുസരിച്ച് ഇന്ത്യ നയം മാറ്റണമെന്നും സബിയുളള പറഞ്ഞു. അഫ്ഗാന്റെ മണ്ണ് ഒരു രാജ്യത്തിനെതിരെയുമുളള പ്രവർത്തന വേദിയാക്കാൻ താലിബാൻ ആഗ്രഹിക്കുന്നില്ലെന്നും സബിയുളള കൂട്ടിച്ചേർത്തു. പാകിസ്താനും ഇന്ത്യയും അയൽക്കാരാണ്. ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ടു തന്നെ ഇരുവരും പ്രശ്‌നങ്ങൾ ഒന്നിച്ചിരുന്ന് പറഞ്ഞ് പരിഹരിക്കണമെന്നാണ് താലിബാന്റെ ആഗ്രഹമെന്നും രബിയുളള കൂട്ടിച്ചേർത്തു
Tags