തിരുവനന്തപുരം: മോഷണകുറ്റം ആരോപിച്ച് കുട്ടിയെ ചോദ്യം ചെയ്ത സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. വനിത സിവിൽ പോലീസ് ഓഫീസർ രജിതയെ റൂറൽ എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റി പിങ്ക് പോലീസിൽ നിന്ന് ഒഴിവാക്കി. സംഭവത്തിൽ ആറ്റിങ്ങൾ ഡിവൈഎസ്പിക്ക് റൂറൽ എസ്പി റിപ്പോർട്ട് കൈമാറി.
ആറ്റിങ്ങലിൽ മൂന്നാം ക്ലാസ്സുകാരിയെയും പിതാവിനെയും വഴിയിൽ വെച്ച് പരസ്യമായി അധിക്ഷേപിച്ച സംഭവം വെള്ളിയാഴ്ചയാണ് നടന്നത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പിങ്ക് പോലീസിന്റെ ക്രൂരത.
അച്ഛൻ ജയചന്ദ്രനും മകളും ആറ്റിങ്ങലിലേക്ക് പോയി മടങ്ങി വരികെയായിരുന്നു സംഭവം. ഇരുവരെയും തടഞ്ഞുനിർത്തിയ പോലീസ് റോഡിൽ നിർത്തി പരസ്യവിചാരണ നടത്തി. ജയചന്ദ്രൻ വാഹനത്തിൽ നിന്ന് മോഷ്ടിക്കുന്നത് കണ്ടെന്നായിരുന്നു പോലീസിന്റെ വാദം.
എന്നാൽ പോലീസിന്റെ വാഹനം പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ പോലീസ് ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് തന്നെ മോഷണം സംഭവിച്ചെന്ന് ആരോപിച്ച മൊബൈൽ ഫോൺ കണ്ടെത്തി. ബഹളത്തിനിടെ നാട്ടുകാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് വൈറലാവുകയായിരുന്നു.