കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശോഭായാത്ര; 15 ലക്ഷം വീടുകൾ അമ്പാടി മുറ്റങ്ങളാകും

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടത്താൻ തീരുമാനിച്ച് ബാലഗോകുലം. ഇത്തവണ അയൽപക്കത്തെ നാല് ഭവനങ്ങൾ ചേർന്ന് ഒരുക്കുന്ന അമ്പാടിമുറ്റത്താവും ശോഭായാത്രകൾ നടത്തുക. ബാലഗോകുലം പുറത്തിറക്കിയ മാർഗരേഖയിൽ ഇതിന്റെ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചു.

ശ്രീകൃഷ്ണ ഭക്തരുടെ ഭവനങ്ങളിൽ കൃഷ്ണകുടീരം, ഉറി, ഊഞ്ഞാൽ എന്നിവ കെട്ടി അലങ്കരിച്ച് അമ്പാടിമുറ്റം ഒരുക്കും. അയൽപക്കത്തെ നാല് ഭവനങ്ങളിൽനിന്നു രാധാകൃഷ്ണ വേഷമണിഞ്ഞു വരുന്ന കുട്ടികളെ സ്വാഗതം ചെയ്യും. അമ്പാടിമുറ്റത്ത് ഉറിയടിയും ഊഞ്ഞാലാട്ടവും കൃഷ്ണപൂക്കളവും ഗോപികാനൃത്തവും സംഘടിപ്പിക്കും.

ഗോകുലമാകുന്ന വീടുകളിലെ അമ്മമാർ യശോദാ മാതാക്കളായി രാധാകൃഷ്ണ വേഷമണിഞ്ഞ് വരുന്ന ബാലികാബാലന്മാർക്ക് അവിൽ പ്രസാദം നൽകും. ഇവയ്ക്ക് പുറമേ ഗോപൂജ, ഗോപാലവന്ദനം എന്നിവയും ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.

കേരളത്തിൽ 15 ലക്ഷം വീടുകളിൽ അമ്പാടിമുറ്റം ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ‘വിഷാദം വെടിയാം, വിജയം വരിയ്ക്കാം’ എന്ന സന്ദേശം നൽകി ഓൺലൈൻ മാർഗം ഓരോ താലൂക്കിലും ശ്രീകൃഷ്ണ ഭക്തജനസംഗമവും സാംസ്കാരിക പരിപാടികളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
Tags