കൊച്ചി: താനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മൂലയില്‍ മാറിയിരുന്ന് കൊടുത്ത ലിസ്റ്റല്ല ഡിസിസി അധ്യക്ഷന്മാരുടേത്. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതില്‍ ചര്‍ച്ച നടന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വാദം തെറ്റാണെന്ന് വി.ഡി. സതീശന്‍ അറിയിച്ചു. എല്ലാവരേയും തൃപ്തിപ്പെടുത്തി ലിസ്റ്റ് ഉണ്ടാക്കാന്‍ സാധിക്കില്ല. താഴേത്തട്ടില്‍ വരെ മാറി മാറി ചര്‍ച്ച നടത്തിയാണ് പട്ടിക പുറത്തിറക്കിയത്. അല്ലാതെ താനും സുധാകരനും മൂലയില്‍ മാറിയിരുന്ന് കൊടുത്ത ലിസ്റ്റല്ല അത്.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ എന്തിനാണ് ഈ സ്ഥാനത്ത് ഇരിക്കേണ്ടത്. ഡിസിസി ലിസ്റ്റില്‍ ആരും പെട്ടിതൂക്കികള്‍ അല്ല. അത്തരം വിമര്‍ശനങ്ങള്‍ അംഗീകരിക്കില്ല. ഡിസിസി പ്രസിഡന്റ് പട്ടിക വൈകുന്നതായി ഒരു ഭാഗത്ത് നിന്ന് പറയുക. മറ്റൊരു ഭാഗത്ത് ഇത് തീരുമാനമാക്കാതെ നീട്ടികൊണ്ട് പോകുക അത് ശരിയല്ല. ഡിസിസി പുനസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ. സുധാകരനും ഏറ്റെടുക്കുന്നു. അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തില്‍ മനോ വിഷമമുണ്ട്. രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെ അദ്ദേഹം പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രസ്താവനയില്‍ കെ. സുധാകരനും പ്രതികരിച്ചു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇത്തവണ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ താരതമ്യേനെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ ചര്‍ച്ച നടക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി പതതവണ പുനസംഘടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ ആളുകള്‍ മാത്രമാണ് കഴിഞ്ഞ കാലങ്ങളില്‍ പരിഗണിക്കപ്പെട്ടത്. രണ്ട് ഗ്രൂപ്പുകളിലെ നേതാക്കള്‍ മാത്രം ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്. മറ്റുള്ളവരോട് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഏത് തലത്തിലാണ് ഇവര്‍ മുമ്പ് ചര്‍ച്ച നടത്തിയിരുന്നതെന്ന് വ്യക്തമാക്കട്ടെ.
വര്‍ക്കിങ് പ്രസിഡന്റായിരുന്ന തന്നോട് ഒരിക്കല്‍ പോലും ഇവര്‍ ചര്‍ച്ച നടത്തിയിട്ടില്ല. പക്ഷേ ഇത്തവണ ഈ ലിസ്റ്റില്‍ ഉമ്മന്‍ ചാണ്ടിയുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ ജില്ലകളിലേക്കും ഉമ്മന്‍ചാണ്ടി പേരുകള്‍ നല്‍കിയിരുന്നു. പാര്‍ട്ടിക്ക് നല്‍കിയ പേരുകള്‍ ഉമ്മന്‍ ചാണ്ടി പരസ്യപ്പെടുത്തിയത് ശരിയായില്ല. ഇത് ശരിയായോ എന്ന് ഉമ്മന്‍ ചാണ്ടി തന്നെ പരിശോധിക്കണം. ലിസ്റ്റ് സംബന്ധിച്ച് രമേശ് ചെന്നിത്തലയുമായും രണ്ട് തവണ സംസാരിച്ചിരുന്നു. ചെന്നിത്തല റിട്ടണ്‍ ലിസ്റ്റ് തന്നിരുന്നില്ലെന്നത് ശരിയാണ്. പക്ഷേ ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യമാണെന്നും സുധാകരന്‍ അറിയിച്ചു.
അതേസമയം ഡിസിസി അധ്യക്ഷപ്പട്ടികയ്‌ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച നേതാക്കള്‍ക്കെതിരെ വിശദീകരണം ചോദിക്കേണ്ടത് വ്യക്തതയില്ലാത്ത കാര്യങ്ങള്‍ക്കാണ്. ചാനലില്‍ സംസാരിച്ച എല്ലാവരും കണ്ടതും അറിഞ്ഞതുമായ കാര്യത്തിന് വിശദീകരണം ചോദിക്കേണ്ട ആവശ്യമില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. അച്ചടക്ക നടപടി കാണിച്ച് ഭീഷണിപ്പെടുത്തി മുന്നോട്ട് പോകാന്‍ നേതൃത്വത്തിന് താല്‍പ്പര്യമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് പോകാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നടപടി കൈക്കൊണ്ടതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.