കൊല്ലം: വിസ്മയയുടെ സ്ത്രീധന പീഡനത്തെ തുടർന്നുള്ള ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചിലേക്കു മാറ്റി. കിരണിനെ പോലീസ് മനപ്പൂർവ്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് കിരണിന്റെ അഭിഭാഷകൻ വാദിച്ചു
കിരൺ കുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ്. ഇത്രയും കാലത്തിനിടയിൽ ഒരു കേസിലും ഇയാൾ പ്രതി ചേർക്കപ്പെട്ടിട്ടില്ല. വിസ്മയയ്ക്ക് പിന്നാലെ സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസിൽ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡന (498 എ.) വകുപ്പ് മാത്രം ചുമത്താവുന്ന കുറ്റമാണിതെന്നും കിരണിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ ആളൂരിന്റെ വാദം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യനായർ എതിർത്തു. സ്ത്രീധനപീഡനം മൂലമുള്ള മരണം (304 ബി.) മാത്രം ചുമത്താവുന്ന കുറ്റമല്ല ഇതെന്നും മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണ പുരോഗതിയനുസരിച്ച് മറ്റു പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും അവർ വാദിച്ചു.
കസ്റ്റഡിയിൽ വാങ്ങിയെങ്കിലും പ്രതിക്ക് കൊറോണ ബാധിച്ചതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രോഗം മാറുന്നതനുസരിച്ച് പ്രതിയെ കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്നും കാവ്യനായർ വാദിച്ചു. വാദം കേട്ട ശേഷം കേസ് പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റിയതായി മജിസ്‌ട്രേറ്റ് എ.ഹാഷിം ഉത്തരവിട്ടു