രണ്ടിലധികം കുട്ടികളുള്ളവർക്ക് ഇനി സർക്കാർ ആനുകൂല്യങ്ങളും ജോലിയുമില്ല ; ജനസംഖ്യാ നയം കർശനമായി നടപ്പാക്കാൻ യുപി Up

ലക്‌നൗ : രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ നിന്നും വിലക്കാൻ ഉത്തർപ്രദേശ് സർക്കാർ. ജനസംഖ്യാനയം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നയവുമായി ബന്ധപ്പെട്ട കരട് രൂപരേഖയിലാണ് ഇക്കാര്യം സർക്കാർ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സർക്കാർ ജോലിയ്ക്ക് അപേക്ഷ നൽകുന്നതിൽ നിന്നുമുൾപ്പെടെ വിലക്കാനാണ് സർക്കാർ തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. ഇതിന് പുറമേ രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് നിരവധി ആകർഷകമായ ആനുകൂല്യങ്ങൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ജനസംഖ്യാ നയം കൃത്യാമായി പാലിക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകും. ഭൂമി വാങ്ങുന്നതിന് ഇവർക്ക് സബ്‌സിഡി നൽകും. രണ്ട് കുട്ടികളുള്ള സർക്കാർ ജീവനക്കാരുടെ പിഎഫ് ഉൾപ്പെടെ വർദ്ധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങൾ കൂടുതൽ ആനുകൂല്യങ്ങളാകും ലഭിക്കുക.

ജനസംഖ്യാ നയത്തിന്റെ കരട് രൂപരേഖ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകൾക്ക് ഈ മാസം 19 നുള്ളിൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അറിയിക്കാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
Tags