യു.പി നിയമസഭാ തെരെഞ്ഞെടുപ്പ്; യോഗി തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സൂചന

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി യോഗി ആദിത്യനാഥിനെ ഉയർത്തിക്കാട്ടിയാകും മത്സരിക്കുകയെന്ന് സൂചന. കേന്ദ്ര നേതൃത്വം ഇത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മറ്റൊരാളെ പകരക്കാരനായി കണ്ടെത്താൻ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്നാണ് ലഭിച്ച വിവരം. 2022 ഫെബ്രുവരി – മാർച്ച് മാസങ്ങളിലായിരിക്കും സംസ്ഥാനത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുക. 403 സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുക. അടുത്തിടെ ചില ദേശീയ മാധ്യമങ്ങൾ സംസ്ഥാനത്ത് നടത്തിയ സർവേ റിപ്പോർട്ടുകൾ അനുസരിച്ച് 31 ശതമാനത്തോളം ആളുകൾ യോഗി സർക്കാരിന്റെ ഭരണത്തിൽ തൃപ്തി അറിയിച്ചു. 23.4 ശതമാനം പേർ ശരാശരി ഭരണം എന്ന് അഭിപ്രായപ്പെട്ടപ്പോൾ 39.5 ശതമാനം പേർ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്ത് അടുത്ത തെരെഞ്ഞെടുപ്പിൽ ആര് ഭരണത്തിലെത്തണം എന്ന ചോദ്യത്തിന് 42.2 ശതമാനം പേരും പിന്തുണച്ചത് യോഗി ആദിത്യനാഥിനെയാണ്. 32.2 ശതമാനത്തിന്റെ പിന്തുണയുമായി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആണ് രണ്ടാമത്. മായാവതിക്ക് 17 ശതമാനം പിന്തുണയും പ്രിയങ്ക ഗാന്ധിക്ക് രണ്ട് ശതമാനം പിന്തുണയുമാണ് മുഖ്യമന്ത്രി സ്ഥാനത്തിലേക്കുള്ളത്.
Tags