'അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചു'; മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്നും അച്ഛന്‍ അലക്സാണ്ടര്‍ Thiruvananthapuram

തിരുവനന്തപുരം: ട്രാന്‍സ്‍ജെന്‍റര്‍  അനന്യകുമാരിയെ ആശുപത്രി ജീവനക്കാർ  മർദ്ദിച്ചിരുന്നവെന്ന് അച്ഛൻ അലക്സാണ്ടർ. ഡോക്ടറുടെ സേവനം പല സമയത്തും  ലഭ്യമായിരുന്നില്ല. മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയിൽനിന്ന് ലഭിച്ചത്. ആശുപത്രിയിൽ നിന്ന് അമിത ചികിത്സാചെലവ് ഈടാക്കിയെന്നും അലക്സാണ്ടർ പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയ്ക്കായി അനന്യ സമീപിച്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിക്ക് എതിരെയാണ് അനന്യയുടെ അച്ഛന്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്  അനന്യകുമാരിയെ ഇന്നലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. ആരോ​ഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍റര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു 
Tags