നെയ്യാറ്റിൻകരയിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് പോലീസ് crime

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ തലയ്‌ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാർ (40) ആണ് മരിച്ചത്. ഇയാൾ മരപ്പണിക്കാരനാണ്. വീടിന് സമീപത്തുള്ള പുരയിടത്തിൽ തലയ്ക്കടിയേറ്റ് രക്തംവാർന്ന നിലയിലാണ് മൃതദേഹം കണ്ടത്. ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം കൊലപാതകമാണെന്നാണ് എന്നാണ് പോലീസ് പറയുന്നത്. റൂറൽ എസ്‌പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന്‍റെ സുഹൃത്തായ അനിലിനെ മാരായമുട്ടം പോലീസ് ചോദ്യം ചെയ്തു വരികയാണ്. മറ്റൊരു സുഹൃത്ത് ലാലു എന്ന് വിളിക്കുന്ന ശ്രീകുമാറിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും ഇന്നലെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായും, മൂന്നുപേരും ചേർന്ന് മദ്യപിച്ചതായും പോലീസ് പറയുന്നു. ശ്രീകുമാറിന്‍റേതെന്ന് കരുതുന്ന ബൈക്കും പോലീസ് സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ശാന്തകുമാർ വീടുപണിക്കായി കരുതിയിരുന്ന ഒരു ലക്ഷത്തിലധികം രൂപ ശ്രീകുമാറിനും, അനിലിനും വായ്പയായി കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ച നാൾമുതൽ ഇവർ തമ്മിൽ തർക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. രണ്ടുദിവസം മുമ്പ് വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തിയതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഭാര്യയുമായി പിരിഞ്ഞ ശാന്തകുമാർ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.
Tags