ഗുരുവായൂര്‍ സ്വര്‍ണ്ണലോക്കറ്റ് തട്ടിപ്പ്: ലക്ഷങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ ഒത്തുകളി guruvayoorTemple

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന്റെ സ്വര്‍ണ്ണലോക്കറ്റുകള്‍ ഭക്തര്‍ വാങ്ങിയ വകയിലെ 27.50 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ ഉന്നതരെ സംരക്ഷിക്കാന്‍ ദേവസ്വവും ബാങ്കും ഒത്തുകളിക്കുന്നു. ക്ഷേത്രത്തിലെ സ്വര്‍ണ്ണം-വെള്ളി ലോക്കറ്റുകള്‍ വിറ്റ സംഖ്യ നഷ്ടപ്പെട്ടതിലെ ദുരൂഹതയാണ് ഭക്തര്‍ക്കിടയിലെ ആശങ്കയായി തുടരുന്നത്. 

ഗുരുതരമായ കുറ്റവിലോപം നടത്തിയ ബാങ്ക് ജീവനക്കാരനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാതെ സസ്‌പെന്‍ഷനില്‍ ഒതുക്കി നിര്‍ത്തിയിരിക്കയാണ്. ബാങ്ക് ജീവനക്കാരന്റെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് സര്‍ക്കിള്‍ ഓഫീസിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ 'ജന്മഭൂമി'യോട് പറഞ്ഞത്. പിഎന്‍ബി ഗുരുവായൂര്‍ ശാഖയിലെ ജീവനക്കാരനായ പി.ഐ. നന്ദകുമാറാണ് സ്വര്‍ണ്ണം-വെള്ളി ലോക്കറ്റുകളുടെ വില്‍പ്പന സംഖ്യ ദേവസ്വത്തില്‍ നിന്ന് വാങ്ങി ബാങ്കിലടയ്ക്കുന്നത്. നന്ദകുമാറില്‍ പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയതിനാലാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ബാങ്ക് സമ്മതിക്കുമ്പോള്‍, അയാള്‍ക്കെതിരെ ബാങ്ക് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നത് ദുരൂഹമാണ്.

എത്ര വര്‍ഷങ്ങളായിട്ടാണ് ഇത്രയും സംഖ്യ കുറവ് വന്നതെന്ന് ഇപ്പോഴും അജ്ഞാതമാണ്. ഗുരുതരമായ കൃത്യവിലോപം നടത്തിയ ബാങ്ക് ജീവനക്കാരനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാത്തതും ദുരൂഹമാണ്. 27.50 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതായി ദേവസ്വം സമ്മതിക്കുമ്പോള്‍, ചില ഉന്നതരെ സംരക്ഷിക്കാനാണ് ദേവസ്വവും ബാങ്കും ഇപ്പോള്‍ ഒത്തുകളിക്കുന്നതെന്ന് ഭക്തജനങ്ങള്‍ സംശയിക്കുന്നു. ദേവസ്വത്തിന്റെ നടപടികളും ഇഴഞ്ഞാണ് നീങ്ങുന്നത്.

എല്ലാ മാസവും ബാങ്കുകള്‍ 10-ാം തീയതിക്കു മുമ്പ് ദേവസ്വത്തില്‍ സ്റ്റേറ്റ്മെന്റ് നല്‍കുന്നുണ്ടത്രെ. എന്നാല്‍, ഈ കണക്കുകള്‍ പരിശോധിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ദേവസ്വം ഇതുവരെ നടപടിയൊന്നും എടുത്തിട്ടുമില്ല. ഇതിനിടെ, പണം നഷ്ടപ്പെട്ട വിവരം മൂടിവെച്ച് ദേവസ്വം ഭരണസമിതിയെ കബളിപ്പിക്കാന്‍ ദേവസ്വം അഡ്മിനി

സ്‌ട്രേറ്റര്‍ നടത്തിയ ശ്രമം പൊളിഞ്ഞതോടെ ബാങ്കിനോടൊപ്പം ദേവസ്വവും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. പണം നഷ്ടപ്പെട്ട കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ചേര്‍ന്ന ഭരണസമിതി യോഗത്തിലെടുത്ത തീരുമാനം, സാങ്കേതികത്വം നിരത്തി മൂന്നു ദിവസം വൈകിപ്പിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയിലും ദുരൂഹത ആരോപിക്കുന്നു. 

ഇതിനിടെ ദേവസ്വത്തിന് നഷ്ടപ്പെട്ട 27.50 ലക്ഷം രൂപയില്‍ 16 ലക്ഷം രൂപ ബാങ്ക്, ദേവസ്വം അക്കൗണ്ടില്‍ തിരിച്ചടച്ചിരുന്നു. ബാക്കി സംഖ്യ പലിശ സഹിതം ഉടന്‍ ദേവസ്വം അക്കൗണ്ടിലേക്ക് അടയ്ക്കാമെന്നുമാണത്രെ ധാരണ. പണം ബാങ്കിലെത്താത്ത സാഹചര്യത്തില്‍ ദേവസ്വത്തിന് നഷ്ടപ്പെട്ട സംഖ്യയിലൊരുഭാഗം ദേവസ്വം അക്കൗണ്ടിലേക്ക് ബാങ്ക് തിരിച്ചടച്ചത് ഏത് മാനദണ്ഡത്തിലാണെന്നതും ദുരൂഹമാണ്. സ്വര്‍ണ്ണം, വെള്ളി ലോക്കറ്റുകളുടെ വില്‍പ്പന വകയില്‍ മാത്രമാണ് ദേവസ്വത്തിന് 27.50  ലക്ഷം രൂപ പ്രത്യക്ഷത്തില്‍ നഷ്ടം കാണുന്നത്. അറിഞ്ഞിടത്തോളം കുറച്ചുവര്‍ഷങ്ങളായി ഈ തരത്തില്‍ തട്ടിപ്പ് നടത്തിയതായി തെളിയുമ്പോള്‍,  ഇതിനേക്കാള്‍ എത്രയോ ഭീമമായ സംഖ്യ ദേവസ്വത്തിന് നഷ്ടം സംഭവിച്ചിരിക്കാമെന്നാണ് ഭക്തജനങ്ങളുടെ സംശയം.
Tags