ഇടുക്കി : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി. കേരളത്തെ മാനം കെടുത്തിയ അതിനീചമായ സംഭവങ്ങൾ അനുവദനീയമാണോ എന്ന് ചോദിച്ച അദ്ദേഹം പ്രതി ഏത് രാഷ്ട്രീയക്കാരനാണെങ്കിലും നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു.
സംഭവത്തിൽ ഒരു തരത്തിലുള്ള രാഷ്ട്രീയ ബന്ധങ്ങളും ഉണ്ടാവരുതെന്നും നീതി നിർവ്വഹണം പൂർണ തോതിൽ നടക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. വാളയാറിലെ പെൺകുട്ടികൾക്ക് ഉണ്ടായത് ഏറ്റവും അതിനീചമായ സംഭവമാണ്. പണ്ട് കലുങ്കിൽ പുറത്തിരുന്ന് ബീഡിവലിക്കുന്നവരും കുടിക്കുന്നവരുമുണ്ടായിരുന്നു. എന്നാൽ അവർ ആരെയും കടന്ന് പിടിച്ചിരുന്നില്ല. ഇന്ന് ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അവന് അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാൻവയ്യാതായി പോയി. പെണ്ണെന്ന് പറയുന്നത് ഒരു ഉത്പന്നത്തിന്റെ ഭാഗമായി പോയെന്നും അദ്ദേഹം പറഞ്ഞു
പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടവും വേദനയുമാണെങ്കിൽ നമ്മൾ മലയാളികൾക്ക് ഇത് ക്ഷതമാണുണ്ടാക്കിയിരിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലും ജീവിക്കുന്നവർക്ക് ഇത്തരം സംഭവങ്ങൾക്കെതിരെ കരുതൽ വേണം. ഒരു അപരിചിതൻ കടന്നുവന്നാൽ അയാൾ എവിടെ, എന്തിന് വന്നു എന്ന നിരീക്ഷണത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നേ മതിയാകുവെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു