ദില്ലി: ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന ആറാഴ്ചയ്ക്കകം തീരുമാനമെടുക്കും. നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും നാല് മുതല്‍ ആറ് ആഴ്ചയ്ക്കുളളില്‍ തീരുമാനമെടുക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സെന്‍റർ ഫോർ സയന്‍സ് ആന്ഡ് എന്‍വിറോൺമെന്‍റ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കവേയാണ് സൗമ്യ സ്വാമിനാഥന്‍ ഇക്കാര്യ അറിയിച്ചത്. നേരത്തെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങളടക്കം ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിരുന്നു. രാജ്യത്ത് കോവാക്സിനെടുത്തിട്ടും അനുമതി ലഭിക്കാത്തതിനാല്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാനാകാത്ത ലക്ഷക്കണക്കിന് പേരാണ് രാജ്യത്തുള്ളത്.