ദില്ലി: രാജ്യത്ത് കൊവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടുന്നതായി ആരോഗ്യ മന്ത്രാലയം. ഡെൽറ്റയെക്കാൾ അപകടകാരിയായ ലാംബ്ഡ വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. ഇതിനിടെ എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ആയുഷ് ചികിത്സാ രീതിയിലുള്ള പരിശീലനം നിർബന്ധമാക്കി മെഡിക്കൽ കമ്മീഷൻ മാര്‍ഗ്ഗരേഖ പുറത്തിറക്കി.
ഡെൽറ്റ, ഡെൽറ്റ പ്ലസ്, കാപ്പ, ആൽഫ തുടങ്ങിയ കൊവിഡിന്‍റെ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ ജാഗ്രതാ നിർദേശം. രാജ്യത്തെ 174 ജില്ലകളിൽ കൊവിഡിൻറെ പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ത്രിപുരയിൽ പരിശോധന നടത്തിയ 151 സാമ്പിളുകളിൽ 138 എണ്ണത്തിൽ ഡെൽറ്റ പ്ലസിന്‍റെ സന്നിധ്യം കണ്ടെത്തി. ഉത്തർപ്രദേശിൽ നിന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 80 ശതമാനത്തിൽ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു. ആൽഫ, കാപ്പ , എന്നീ വകഭേദങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന്റെ ലാംഡ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇതിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ലോകത്ത് മുപ്പത് രാജ്യങ്ങളിലാണ് ഇതുവരെ ലാംബ്ഡ സ്ഥിരീകരിച്ചിട്ടുളളത്.
അതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 42766 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണനിരക്ക് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആയിരത്തിന് മുകളിലെത്തി. 1206 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതിനിടെ എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ആയുഷ് ചികിത്സാ രീതികളിൽ പരിശീലനം നിർബന്ധമാക്കിക്കൊണ്ട് ദേശീയ മെഡിക്കൽ കമ്മീഷൻ മാർഗ്ഗനിർദേശം പുറത്തിറക്കി.. മെഡിക്കൽ കമ്മീഷൻറെ ഇൻറൺഷിപ്പിനുള്ള പുതുക്കിയ കരട് മാർഗ്ഗനിർദേശ രേഖയിലാണ് ഈ കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. എംബിബിഎസ് പൂർത്തിയാക്കിയ അതേ സ്ഥാപനത്തിൽ ആയൂഷ് ചികിത്സാ രീതികളായ ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ഒരാഴ്ച്ച പരിശീലനം നേടിയിരിക്കണമെന്നാണ് നിർദേശം.